കാലം കടഞ്ഞെടുത്ത കാവ്യം

കാലം മായ്ക്കുമായിരുന്ന ഒരു നിര്‍മ്മിതിയുടെ പുനരുജ്ജീവനം ആണ് ഇവിടെ സാധ്യമാക്കിയിരക്കുന്നത്

ചില നിര്‍മ്മിതികള്‍, കാലത്തിന്‍റെ കൈ കൊണ്ടെഴുതിയ കാവ്യം പോലെ അമൂല്യത കൊണ്ട് വേറിട്ടു നില്‍ക്കും; അപൂര്‍വമായ തേജസ് പരത്തും; പ്രഹേളിക പോലെ നിഗൂഢത ജനിപ്പിക്കും. ഭക്തിനിര്‍ഭരവും ഐശ്വര്യസാന്ദ്രവുമായ ഓര്‍മകളുടെ ജീവത്തുടിപ്പാണ് ഈ നാലുകെട്ട്.

ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള പഴമയുടെ മണം വീടിന്‍റെ ഉള്ളറകളില്‍ തുടിച്ചു നില്‍ക്കുന്നു.

രൂപവും ഭാവവും കൊണ്ടു മാത്രമല്ല, ഇവിടം വിശേഷപ്പെട്ടതാകുന്നത്. അതിന്‍റെ തന്‍മയത്വവും അന്തഃസത്തയും കൊണ്ടു കൂടിയാണ്.

ALSO READ: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള പഴമയുടെ മണം വീടിന്‍റെ ഉള്ളറകളില്‍ തുടിച്ചു നില്‍ക്കുന്നു. ഓര്‍മപ്പൊട്ടുകള്‍ മച്ചില്‍ ചേര്‍ന്നിരിക്കുന്നു. കാലങ്ങള്‍ക്ക് പിന്നിലെ ഭക്തിമന്ത്രങ്ങളുടെ നേര്‍ത്ത ധ്വനികള്‍ അവിടവിടെ തങ്ങി നില്‍ക്കുന്നു.

വീട് പുതുക്കുന്നതിനു മുന്‍പ്.

നാടുംനഗരവും മാറിയപ്പോഴും മാറ്റമില്ലാതെ തുടരാന്‍ ആഗ്രഹിച്ച ഈ കെട്ടിനെ ജീര്‍ണ്ണാവസ്ഥയുടെ ജരാനരകളില്‍ ഒടുങ്ങാതെ അതു പോലെ നിലനിര്‍ത്തിയിരിക്കുകയാണ് ഇവിടെ.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

തിരുവല്ല കവിയൂരിലുള്ള ഈ നാലുകെട്ട് ഡോ. ബെന്നി കുര്യാക്കോസിന്‍റെ നേതൃത്വത്തിലാണ് പഴയ തനിമയോടെ തന്നെ പുനരുദ്ധരിച്ചിരിക്കുന്നത്. ഫ്യൂജിടെക്കിന്‍റെ ഇന്ത്യന്‍ മേധാവി എം.കെ പണിക്കരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ നാലുകെട്ട്.

നൂറ്റാണ്ടിന്‍റെ സാക്ഷി

ഏതാണ്ട് 100 വര്‍ഷം മുമ്പ്, തടിപ്പണികളുടെ സര്‍വ്വ അംഗലാവണ്യവും ഉള്‍ക്കൊണ്ട് തച്ചുശാസ്ത്ര തനിമയോടെ കടഞ്ഞെടുത്ത ഈ നാലുകെട്ട് ആളും ആരവവും നിറഞ്ഞ പഴയ കാലത്തിന്‍റെ സുഖകരമായ ഒരു വീടോര്‍മ തന്നെയാണെന്ന് ചെറുപ്പകാലത്ത് ഇവിടെ കഴിഞ്ഞിരുന്ന നാളുകളിലെ ഓര്‍മകള്‍ പങ്കുവെച്ച് എം.കെ പണിക്കര്‍ പറയുന്നു.

തറവാട്ടില്‍ നടക്കുന്ന പൂജകളിലും തൊട്ടടുത്തുള്ള അമ്പലവുമായി ബന്ധപ്പെട്ട ചടങ്ങുകളിലുമെല്ലാം ഈ നാലുകെട്ടും ഭാഗമായിരുന്നു. നീളന്‍ വരാന്തയും മൂന്ന് അറകളും നടുമുറ്റവും നിലവറയും പത്തായവും ചാവടിയും എല്ലാം ഗാംഭീര്യത്തിന്‍റെ പ്രതീകങ്ങളായിരുന്നു.

താമസക്കാര്‍ ഇല്ലാതായതോടെ പൂര്‍ണ്ണമായും അടഞ്ഞുകിടന്ന വീട് ക്രമേണ നാശോന്മുഖമാകുകയായിരുന്നു. മച്ചുകളും തൂണുകളും ദ്രവിക്കുകയും അവയെ ചിതല്‍ കയ്യടക്കുകയും തടി കൊണ്ടുള്ള ചുമരുകള്‍ അവിടവിടെ പൊടിഞ്ഞു പോകുകയും വീട്ടകത്തെ മുഴുവനായും ഇരുട്ട് കവരുകയും ചെയ്തു.

അപൂര്‍വമായ ദാരുഭംഗിയുള്ള നാലുകെട്ട് നശിക്കും എന്ന അവസ്ഥ വന്നതോടെ ഈ നിര്‍മ്മിതിയെ പുനരുദ്ധരിക്കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയും പാരമ്പര്യ നിര്‍മ്മിതികളുടെ സംരക്ഷണ രംഗത്ത് ശ്രദ്ധേയനായ ഡോ. ബെന്നി കുര്യാക്കോസിനെ സമീപിക്കുകയും അദ്ദേഹം അത് ഏറ്റെടുക്കുകയുമായിരുന്നു.

തടിയുടെ പ്രഭാവവും പ്രതാപവും

ചുറ്റു വരാന്തയെയും നടുത്തളത്തെയും ചുറ്റി തടിയില്‍ കടഞ്ഞെടുത്ത 24 തൂണുകള്‍. തേക്കിന്‍റെ പ്രായവും കാതല്‍പ്പാടുകളും ഈ തൂണുകളില്‍ വലയങ്ങള്‍ തീര്‍ക്കുന്നു. ചെങ്കല്ല് പൊതിഞ്ഞ് പെയിന്‍റടിച്ചിരുന്ന പഴയ തൂണുകളാണ് ഇപ്പോള്‍ പൂര്‍ണ്ണമായും തേക്ക്തടി കൊണ്ട് മാറ്റി പണിതിരിക്കുന്നത്.

സൂക്ഷ്മമായ കൊത്തുപണികള്‍ നിറഞ്ഞ നാല് വശങ്ങളിലെ ത്രികോണമുഖപ്പുകള്‍ വീടിന് ഗാംഭീര്യം പകരുന്നു. ഈ മുഖപ്പുകളെല്ലാം പഴയ കൊത്തുപണികളോടെ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്.

വ്യത്യസ്തവും സൂക്ഷ്മവുമായി കടഞ്ഞെടുത്ത കൊത്തുപണികള്‍ നാല് മുഖപ്പുകള്‍ക്കും നാല് ഭാവങ്ങള്‍ പകരും വിധമാണ് കൊത്തിയെടുത്തിരിക്കുന്നത്. ഒരു മുഖപ്പില്‍ വീട് നിര്‍മ്മിക്കപ്പെട്ട വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്.

YOU MAY LIKE: പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

വീടിന്‍റെ കിഴക്കുദിശയില്‍ പൂമുഖത്തിനഭിമുഖമായും വലതുവശത്ത് സമാന്തരമായും ഉണ്ടായിരുന്ന നീളന്‍ വരാന്ത മാറ്റി നാലുവശവും ചുറ്റിയുള്ള വരാന്ത പുതുതായി പണിതു.

തറയോടു പാകിയ പഴയ നിലം പൊളിച്ചു മാറ്റി തമിഴ്നാട്ടില്‍ നിന്നെത്തിച്ച ആത്തങ്കുടി ടൈല്‍ പതിച്ചത് പഴമയ്ക്കൊപ്പം തെളിമയും കൊണ്ടുവരുന്നു.

ഗജലക്ഷ്മിയും അനന്തശയനവും

കൊത്തുപണികളിലെ അഗ്രഗണ്യത വാതില്‍പ്പാളികളിലും മുഖപ്പുകളിലുമെല്ലാം ദൃശ്യമാണ്. പ്രധാനവാതിലില്‍ അതിസൂക്ഷ്മമായ അനന്തശയനവും പത്തായപ്പുരയുടെ വാതിലിലെ ഗജലക്ഷ്മി ശ്രേണിയുമാണ് ശ്രദ്ധേയം.

നിലവിളക്ക് തട്ട്, കട്ടിളകള്‍, ജനല്‍പ്പാളികള്‍ എന്നിവയിലെല്ലാം പല മട്ടിലുള്ള കൊത്തുപണികള്‍ തുടരുന്നു. വാതിലുകളുടെ മണിച്ചിത്രത്താഴ്, ഇരുമ്പുതാഴ് എന്നിവയെല്ലാം നിലവിലുണ്ടായിരുന്നത് മിനുക്കി എടുത്ത ശേഷം പുന:സ്ഥാപിച്ചു.

പിത്തളപിടികളും പിത്തള മൊട്ടുകളും മരപ്പണികളുടെ ഒഴുക്കിനിടെ വൈരുദ്ധ്യഭംഗി പകരുന്നു.

ലൈറ്റ് ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇരട്ട തൂക്കുരുളികള്‍ക്കും തൂക്കുവിളക്കുകള്‍ക്കും പുറമേ മച്ചിലെങ്ങും സ്പോട്ട് ലൈറ്റുകള്‍ കൂടി നല്‍കിയതിനാല്‍, ഇരുട്ടു തളം കെട്ടിനിന്നിരുന്ന പഴയ അകത്തളത്തിലെങ്ങും പ്രകാശമാണിപ്പോള്‍.

പഴമയും പുതുമയും

അറകളും നിലവറയും പത്തായവും എല്ലാം രൂപംകൊണ്ടു പഴയതാണെങ്കിലും ഇരുട്ടിന്‍റെ മടുപ്പകറ്റും വിധമുള്ള വെളിച്ച സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. അറകളിലെയും നിലവറയിലെയും പഴയ ഫ്ളോറിങ് മാറ്റി ടൈല്‍ പാകി.

ചാവടി, പത്തയപ്പുര എന്നിവിടങ്ങളില്‍ കാര്യമായ പുതുക്കലുകളില്ലാതെ ഒന്ന് വൃത്തിയാക്കിയെടുത്തുവെന്ന് മാത്രം.

അറയിലെ കട്ടിലും മറ്റും പഴയത് തന്നെ. എന്നാല്‍ നടുത്തളം പഴമയെയും ആധുനികതയയും ഒരു പോലെ പുണരുന്നു. നടുമുറ്റം, അടുക്കളെ എന്നിവയാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചത്.

പഴയ വീടിന്‍റെ കുളിപ്പുരയും പാചകപ്പുരയും പ്രധാനകെട്ടില്‍ നിന്ന് വേറിട്ടാണ് ഉണ്ടായിരുന്നത്. ഈ രണ്ട് ഇടങ്ങളും നടുത്തളത്തിന്‍റെ ഭാഗമായി പുതിയത് പണിതു.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

കാബിനറ്റുകളിലും ഹുഡിലും എല്ലാം തടിയുടെ പ്രൗഢി തിങ്ങുന്ന ഐലന്‍ഡ് കിച്ചന്‍, നാട്ടിലെ തന്നെ നിപുണരായ ആശാരിമാരാണ് ഒരുക്കിയത്.

അടുക്കള ഉള്‍പ്പെടെ നടുത്തളത്തിന്‍റെ പകുതി ഭാഗം കരിങ്കല്ലിന്‍റേതു പോലെ പരുക്കന്‍ ഫിനിഷ് ലഭിക്കുന്ന വിട്രിഫൈഡ് ടൈലു കൊണ്ടും നടുമുറ്റത്തെ ചുറ്റിയുള്ള ഭാഗവും അറകളോടു ചേര്‍ന്ന ഭാഗവും വിയറ്റ്നാം മാര്‍ബിള്‍ ഉപയോഗിച്ചും ഫ്ളോറിങ് ചെയ്തു.

തടിയുടെ നിറത്തോട് യോജിച്ച് പോകുന്ന ഗ്രനൈറ്റ് കൊണ്ടാണ് കൗണ്ടര്‍ടോപ്പുള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍.

ദാരുപ്രൗഢി

പഴയ നടുമുറ്റത്തിന്‍റെ മാതൃകയില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് പുതിയത് ഒരുക്കിയത്. തൂണുകളും ചാരുപടിയുള്ള ഇരിപ്പിടവും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

ആവശ്യമെങ്കില്‍ ചാരുപടി തുറന്നു മാറ്റി തളത്തിലേക്കിറങ്ങാനുള്ള സൗകര്യമുണ്ട്. തുറക്കാനാവുന്ന സ്റ്റീല്‍നെറ്റാണ് നടുമുറ്റത്തിന്‍റെ മേല്‍ക്കൂര. റെയിന്‍ചെയിനിലൂടെ ഒഴുകിയിറങ്ങുന്ന മഴവെള്ളം സംഭരിക്കാനുള്ള സംവിധാനവുമുണ്ട്.

മച്ചിലും ചുമരിലുമുള്ള ദാരുശില്പഭംഗി മനംകവരുന്നതാണ്. വാഷ് ഏരിയ, ടോയ്ലറ്റ് എന്നിവിടങ്ങളിലെ ചുമരുകളും തടിയുടെ മോടി നിറഞ്ഞതാണ്. വാതിലുകളുടെ വിജാഗിരി, താഴുകള്‍ എന്നിവയെല്ലാം തടി കൊണ്ടു തന്നെ ഒരുക്കി.

ALSO READ: എടുപ്പൊട്ടും കുറയാതെ; 5 സെന്റ് പ്ലോട്ടില്‍ നാനോ വീട്

നശിച്ചു പോയ മേല്‍ക്കൂരയുടെ ഭാഗങ്ങളില്‍ പുതിയ ഉത്തരം, കഴുക്കോല്‍, കട്ടിള എന്നിവയെല്ലാം സ്ഥാനം പിടിച്ചു. മച്ചിന്‍റെ രൂപകല്‍പ്പനയും നടുമറ്റത്തെ റൂഫിന്‍റെ അരികുപണികളുമെല്ലാം പഴയ രീതിയിലെ ഡിസൈന്‍ എങ്ങനെയാണോ അങ്ങനെ തന്നെ പുതിയതിലും തുടരുകയായിരുന്നു.

തേക്കുതടിയ്ക്ക് പുറമേ ആഞ്ഞിലി, പ്ലാവ് തടികളും മരപ്പണികള്‍ക്ക് ഉപയോഗിച്ചു. കൊത്തുപണികളിലെല്ലാം മൂത്താശ്ശാരി രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ആശാരിമാരുടെ വൈദഗ്ദ്ധ്യം എടുത്തു പറയേണ്ടതാണ്.

കാലം മായ്ക്കുമായിരുന്ന ഒരു നിര്‍മ്മിതിയുടെ പുനരുജ്ജീവനം ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ സാധ്യമായത്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്‍റെ വാസ്തുനിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ട്, പണവും അദ്ധ്വാനവും ഏറെ ചെലവഴിച്ച് പഴമയെ സംരക്ഷിക്കുക എന്ന വലിയ തീരുമാനമെടുത്ത വീട്ടുടമയും പരമാവധി പുനരുപയോഗത്തിലൂടെ ഈ നാലുകെട്ടിനെ വീണ്ടെടുത്ത ആര്‍ക്കിടെക്റ്റ് ബെന്നി കുര്യാക്കോസും അര്‍ഹിക്കുന്നു, ഉചിതമായൊരു ഉപചാരം.

Project Snapshot

  • Architect: Dr.Benny Kuriakose (Springwood Apartments, Chennai)
  • Project Type: Residential House
  • Client: M.K Panicker
  • Location: Kaviyur
  • Year Of Completion: 2018
  • Area: 1823.41 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*