പുനരുപയോഗത്തിന്‍റെ മേന്‍മ

പരമാവധി മെറ്റീരിയലുകള്‍ പുനരുപയോഗിച്ചുകൊണ്ട് 34 ലക്ഷത്തിന് പണിപൂര്‍ത്തിയാക്കിയ മാളിക.

‘ലെസ് ഈസ് മോര്‍’ എന്ന ആശയത്തെ പുനരുപയോഗത്തിന്‍റെ ഗുണങ്ങളുമായി സമന്വയിപ്പിച്ച് ഒരുക്കിയ ഈ വീട് പകരുന്നത് വാസ്തുമൂല്യങ്ങളുടെ അന്ത:സത്ത തന്നെയാണ്.

എഞ്ചിനീയര്‍ ഫൈസല്‍ (വാസ്തു കണ്‍സ്ട്രക്ക്ഷന്‍സ്, പയ്യോളി) രൂപകല്‍പ്പന ചെയ്ത മാളിക മട്ടിലുള്ള ഭവനം 16 സെന്‍റ് പ്ലോട്ടില്‍ 3400 സ്ക്വയര്‍ഫീറ്റിലാണുള്ളത്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

ഡിസൈനര്‍ വീടും പ്ലാനും മാഗസിനില്‍ 2017 മെയ്- ജൂണ്‍ ലക്കത്തില്‍ ‘ഇതൊരു കടത്തനാടന്‍ ശൈലി’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഞ്ചിനീയര്‍ ഫൈസലിന്‍റെ പ്രോജക്റ്റ് കണ്ട് ഇഷ്ടപ്പെട്ടാണ് ക്ലയന്‍റ് അഭിലാഷ് തന്‍റെ വീട് വെയ്ക്കാന്‍ ഇദ്ദേഹത്തെ സമീപിച്ചത്.

നാല് ബെഡ്റൂമുകളും നെടുനീളന്‍ വരാന്തയും ഉള്ള ഇരുനില ഭവനമാണെങ്കിലും 34 ലക്ഷം രൂപയില്‍ എല്ലാ പണികളും പൂര്‍ത്തിയാക്കി എന്നതാണ് ഈ വീടിന്‍റെ ഹൈലൈറ്റ്.

ഇതേ പ്ലോട്ടില്‍ നേരത്തെയുണ്ടായിരുന്ന വീട് പൊളിച്ചപ്പോള്‍ കിട്ടിയ ലാറ്ററൈറ്റ് കല്ലുകളും തടിത്തരങ്ങളും പൂര്‍ണമായി ഉപയോഗപ്പെടുത്തിയതാണ് ഇതിന്‍റെ പ്രധാന കാരണം.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

ഇതോടൊപ്പം നിര്‍മ്മാണ സാമഗ്രികള്‍ മൊത്തമായി വാങ്ങിയതും ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഇടങ്ങള്‍ ക്രമീകരിച്ചതും ചെലവു ചുരുക്കാന്‍ സഹായിച്ചു.

എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും പ്രത്യേക മാറ്റുകൂട്ടുന്ന ഡിസൈന്‍ ഘടകങ്ങള്‍ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരിന്നു.

പുറമേ നിന്ന് ഒറ്റ ലെവല്‍ ആയി തോന്നുമെങ്കിലും രണ്ടു ലെവല്‍ ഉണ്ട്. കേരളീയ രീതിയില്‍ ഓടുമേഞ്ഞാണ് റൂഫ് ഒരുക്കിയത്. പൂമുഖഭാഗം ടെംപിള്‍ റൂഫ് മാതൃകയില്‍ ചെയ്ത് അരികില്‍, മള്‍ട്ടിവുഡ് കൊണ്ട് സി.എന്‍.സി വര്‍ക്ക് നല്‍കി.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

നേരത്തെ ഉണ്ടായിരുന്ന മരങ്ങളും ചെടികളും നിലനിര്‍ത്തിയാണ് ലാന്‍ഡ്സ്കേപ്പ് ചെയ്തത്. മരങ്ങളുടെ അരികു കെട്ടുകയും മുറ്റത്തെ ചെടികളെല്ലാം മികച്ചരീതിയില്‍ ക്രമീകരിക്കുകയും ചെയ്തു.

ഗ്രനൈറ്റ് കരിങ്കല്ല് പാകി പാത്ത്വേ ഒരുക്കി. പൂമുഖഭാഗം മുന്നിലേക്ക് തള്ളി നില്‍ക്കുന്ന ‘C’ ഷെയ്പ്പിലുള്ള വരാന്ത പഴയ തറവാടുകളുടേത് പോലെയാണ് ഒരുക്കിയത്.

വീടിന്‍റെ ഭാവം നിര്‍ണയിക്കുന്നത് തന്നെ ഈ വരാന്തയാണ്. ലിവിങ്- ഡൈനിങ് ഏരിയകള്‍, കോര്‍ട്ട്യാര്‍ഡ്, ബാത്ത് റൂം അറ്റാച്ച് ചെയ്ത നാല് ബെഡ്റൂമുകള്‍, കിച്ചന്‍, ഫാമിലി ലിവിങ്, അപ്പര്‍സ്പേസ് എന്നി ഇടങ്ങളാണ് ഈ വീട്ടിലുള്ളത്.

YOU MAY LIKE: മായാജാലക ഭംഗി

ഇതിനു പുറമേ വീടിന്‍റെ ഭാഗമായി നേരത്തെ ഉണ്ടായിരുന്ന ചെറിയ അമ്പലവും ലളിതമായ മാറ്റങ്ങളോടെ പുതുക്കിയിട്ടുണ്ട്.

ഈ വീടിന്‍റെ ഇന്‍റീരിയറില്‍ മേധാവിത്വം പുലര്‍ത്തുന്നത് ലാളിത്യമാണ്. ഫര്‍ണിച്ചര്‍, അലങ്കാരഘടകങ്ങള്‍ എന്നിവയെല്ലാം ആവശ്യത്തിന് മാത്രം ക്രമീകരിച്ചു.

കസ്റ്റമൈസ് ചെയ്ത പുതിയ ഫര്‍ണിച്ചര്‍ വളരെ കുറവാണ്. ലിവിങ് ഏരിയയില്‍ കാണുന്ന ഫര്‍ണിച്ചറും ടി.വി സ്റ്റാന്‍ഡും പഴയവീട്ടിലുണ്ടായിരുന്നതാണ്.

ചെറിയ കൊത്തുപണികള്‍ ചെയ്ത് മിനുക്കിയെടുത്തപ്പോള്‍ അവയെല്ലാം പുത്തന്‍ പോലെയായി. ഫാമിലി ലിവിങ് സപേസിലെ ദിവാന്‍കോട്ടിനും സോഫയ്ക്കും മാത്രമേ കുഷ്യന്‍ നല്‍കിയിട്ടുള്ളു.

ബാക്കി എല്ലായിടത്തും തടിയുടെ ഭംഗി പ്രദര്‍ശിപ്പിക്കുന്ന ഫര്‍ണിച്ചര്‍ തന്നെ ഉപയോഗിച്ചത് സ്വാഭാവികമായ ലാളിത്യവും പ്രൗഢിയും പകരുന്നു. ഡബിള്‍ ഹൈറ്റിലുള്ള സ്കൈലൈറ്റ് കോര്‍ട്ട്യാര്‍ഡ് ഗ്രീന്‍ തീം കൂടി ഉള്‍പ്പെടുത്തി ചെയ്തതാണ്.

കോര്‍ട്ട്യാര്‍ഡിനു ചുറ്റും റബ്വുഡും സ്റ്റീലും ചേര്‍ത്തൊരുക്കിയ ഇന്‍ബില്‍റ്റ് ഇരിപ്പിടങ്ങളാണുള്ളത്. സ്റ്റീലും വുഡും ചേര്‍ത്താണ് ഗോവണി പണിതത്. രണ്ട് ബെഡ്റൂമുകളില്‍ മാത്രം തേക്കു തടി കൊണ്ടുള്ള വാഡ്രോബ് യൂണിറ്റുകള്‍ ചെയ്തു.

വീടിന്‍റെ മുന്‍ഭാഗത്തെ ഫര്‍ണിച്ചര്‍ ഒരുക്കാന്‍ മാത്രം പുതിയ തേക്ക് തടിയും പ്ലാവും വാങ്ങി. കിച്ചന്‍ കാബിനറ്റുകള്‍ പണിയാനും പഴയ തടി തന്നെ ഉപയോഗിച്ചു.

വൈറ്റ് ഗ്ലോസി വിട്രിഫൈഡ് ടൈലാണ് മിക്കയിടത്തും ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

അപ്പര്‍സ്പേസില്‍ വുഡന്‍ ടൈലും കിച്ചനില്‍ മാറ്റ് ഫിനിഷ് ടൈലുമാണ്. കാറ്റും വെളിച്ചവും കടന്നുവരാന്‍ ധാരാളം ജനലുകള്‍ നല്‍കി.

വീടിന്‍റെ മുന്‍ഭാഗത്ത് നിന്ന് കാണുന്ന ജാലകങ്ങളുടെ അഴികളെല്ലാം കേരളീയ ശൈലിയിലുള്ള ഡിസൈന്‍ പാറ്റേണിലാണ് ചെയ്തത്. എന്നാല്‍ അകത്തളങ്ങളില്‍ ലൂവേഴ്സ് പാറ്റേണിലുള്ള ഓപ്പണ്‍ അഴികള്‍ ഉള്‍പ്പെടുത്തി.

പുറത്തേയ്ക്ക് തുറക്കുന്ന മട്ടിലുള്ള ലൂവര്‍ വെന്‍റിലേഷന് മോസ്കിറ്റോ നെറ്റിന്‍റെ കവറിങ്ങും നല്‍കിയിട്ടുണ്ട്. വരാന്ത, അകത്തളം, അപ്പര്‍സ്പേസ് എന്നിവിടങ്ങളില്‍ ഇന്‍ബില്‍റ്റ് ഇരിപ്പിടങ്ങളാണ് ഒരുക്കിയത്.

കോര്‍ട്ട്യാര്‍ഡിലും ലിവിങ്ങിലും സ്റ്റേറ്റ്മെന്‍റ് ഡെക്കറേഷനായി സ്ഥാനം പിടിച്ചത് നിലവിളക്കും പറയുമാണ്.

ആഡംബരഘടകങ്ങളെ കൂട്ടുപിടിക്കാതെ ഒരു വീട് എത്ര സുഖപ്രദവും മനോഹരവും ആക്കാം എന്ന് തെളിയിക്കുന്നു ഈ മാളിക.

Project Facts

  • Designer: Faisal K (Vasthu Constructions, Kozhikkode)
  • Project Type: Residential House
  • Owner: A.R Abhilash
  • Location: Thikkodi
  • Year Of Completion: 2018
  • Area: 3360 Sq.Ft
  • Photography: Shijo Thomas

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

1 Trackback / Pingback

  1. മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?ആര്‍ക്കിടെക്റ്റ് എസ് ഗോപകുമ

Leave a Reply

Your email address will not be published.


*