Last Updated: July 04, 2022
Special Feature / July 04, 2022
ബി.ആര്‍ക്ക് പഠിക്കാം

"ചിട്ടയായ പഠനം പരിശീലനം എന്നിവയിലൂടെ ബി.ആര്‍ക്ക് ബിരുദം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും ആശയവിനിയ ശേഷിയുമുള്ള മികച്ച പ്രൊഫഷണലായി തീരാന്‍ അനായാസം സാധിക്കും."

ഇന്ത്യയില്‍ എവിടെയും അഞ്ച് വര്‍ഷമാണ് ബി.ആര്‍ക്ക് എന്ന ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്സിന്‍റെ ദൈര്‍ഘ്യം. കേന്ദ്ര ഗവണ്‍മെന്‍റിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്‍റെ (സിഒഎ) അംഗീകാരേ ത്താടെയും നിയന്ത്രണത്തിന്‍ കീഴിലുമാണ് ഈ കോഴ്സ് നടന്നു വരുന്നത്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളും സ്ഥാപനങ്ങളും ബി.ആര്‍ക്ക് പ്രോഗ്രാമിന് സിഒഎ നിഷ്കര്‍ഷിക്കുന്ന മാതൃകയിലു ള്ള കരിക്കുലവും സിലസുമാണ് പിന്തുടരേണ്ടത്. അതായത് ഇന്ത്യയിലുടനീളം നടന്നു വരുന്ന ബി.ആര്‍ക്ക് കോഴ്സുകളുടെ ഉള്ളടക്കം ഏതാണ്ട് ഒരു പോലെയാണ്. സിഒഎ അംഗീകാരമുള്ള ആര്‍ക്കിടെക്ചര്‍ വിദ്യാലയങ്ങളെല്ലാം തന്നെ സ്വതന്ത്രമായി പ്രവര്‍ ത്തിക്കുന്നവയോ എഞ്ചിനീയറിങ്/ ഡിസൈന്‍ കോളേജുകളില്‍ പ്രത്യേക വകുപ്പുകളായി പ്രവര്‍ത്തിച്ചു വരുന്നവയോ ആണ്. എല്ലാ അദ്ധ്യയന വര്‍ഷത്തിലും സിഒഎ അധികൃതര്‍ ഈ വിദ്യാലയങ്ങളില്‍ കര്‍ശനപരിശോധനകള്‍ നടത്തുകയും മതിയായ നിലവാരമുണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം അംഗീകാരം നീട്ടി നല്‍കുകയുമാണ് പതിവ്. 2022-23 വര്‍ഷത്തെ ബി.ആര്‍ക്ക് അഡ്മിഷനുള്ള സിഒഎ മാനദണ്ഡം ഇതാണ്: ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷയായ നാറ്റയിലുള്ള വിജയവും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ക്ക് അമ്പതു ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയം. ഇതിനു പുറമേ ഗണിതശാസ്ത്രം ഒരു വിഷയമായി പഠിച്ചു കൊണ്ട് ചുരുങ്ങിയത് അമ്പത് ശതമാനം മാര്‍ക്കോടെ ഡിപ്ലോമ കരസ്ഥമാക്കിയവര്‍ക്കും 2022-23 അക്കാദമി ക്ക് വര്‍ഷത്തില്‍ ബി.ആര്‍ക്ക് അഡ്മിഷന്‍ ലഭിക്കും.

സാങ്കേതികവും ഭാവനാത്മകവുമായ അഭിരുചികള്‍ വേണ്ട കോഴ് സുകളാണ് കരിക്കുലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബി.ടെക്ക്, ബി. ആര്‍ക്ക് കോഴ്സുകള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. സിഒഎ അംഗീകാരമുള്ള അഞ്ചു വര്‍ഷത്തെ ബി.ആര്‍ക്ക് കോഴ്സ് വിജയ കരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫി ക്കറ്റിനൊപ്പം തന്നെ രജിസ്റ്റേര്‍ഡ് ആര്‍ക്കിടെക്റ്റുകളായി പ്രാക്റ്റീ സ് ചെയ്യുന്നതിനുള്ള സിഒഎ രജിസ്ട്രേഷനും ലഭിക്കും. ഒരു സ്ഥലത്തിന്‍റെ വാസ്തുവിദ്യ ആ പ്രദേശത്ത് കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന വിവിധ ഘടകങ്ങളുടെ പരിണിത ഫലമാണ്. ഇവ ഭൂമിശാസ്ത്രപരമോ ഭൂഗര്‍ഭശാസ്ത്രപരമോ കാലാവസ്ഥാപരമോ പാരിസ്ഥിതികമോ ആയ ഭൗതിക ഘടകങ്ങളോ സാമൂഹികം, സാമ്പത്തികം, സാംസ്ക്കാരികം, മതപരം, സാങ്കേതികം എന്നിങ്ങനെയുള്ള ഭൗതികേതര ഘടകങ്ങളോ ആകാം. അതിനാല്‍ എഞ്ചിനീയറിങ് ശാഖകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥി കള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളിലുള്ള ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കേണ്ടതുണ്ട്. അതേ സമയം തന്നെ ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലുമുള്ള അടിസ്ഥാനപരമായ അറിവുകള്‍ക്കൊപ്പം വിശ കലനാത്മകവും ഭാവനാത്മകവുമായ കഴിവുകളും ഇവര്‍ വികസി പ്പിച്ചെടുക്കേണ്ടതുണ്ട്. മനുഷ്യമസ്തിഷ്ക്കത്തിന്‍റെ യുക്തിസഹവും ക്രിയാത്മകവുമായ ശേഷിക്ക് ആര്‍ക്കിടെക്ചര്‍ പ്രൊഫഷനിലുള്ള പ്രാധാന്യവും ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ ഇത്തരം ശേഷികള്‍ വികസിപ്പിച്ചെടുക്കേണ്ടതിന്‍റെ പ്രാധാന്യവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഒരു പക്ഷേ വിദ്യാര്‍ത്ഥികളുടെ യുക്തിയും ഭാവനയും ഒരു പോലെ പ്രയോജനപ്പെടുത്തേണ്ട ഒരേയൊരു പഠനശാഖയാകാം ആര്‍ക്കിടെക്ചര്‍. ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ ഡിസൈന്‍ സ്റ്റുഡിയോകളിലെ പ്രായോഗിക പരിശീലനത്തിന് വേണ്ടിയാണ് സമയവും ഊര്‍ജ്ജവും കൂടുതലായി വിനിയോഗിക്കുന്നത്. പ്രൊഫഷണല്‍ ആര്‍ക്കിടെക്റ്റുകളുടെ ഓഫീസിലുള്ള ഇന്‍റേണ്‍ഷിപ്പും പത്തു സെമസ്റ്ററുകളുള്ള കോഴ്സിന്‍റെ ഭാഗമാണ്. സ്ഥിരം അധ്യാപ കര്‍ക്ക് പുറമേ ആര്‍ക്കിടെക്ചര്‍ വിദ്യാലയങ്ങളിലെ സ്ഥിരം സന്ദര്‍ശ കരായ മുതിര്‍ന്ന ആര്‍ക്കിടെക്റ്റുകളുടെ പരിചയ സമ്പത്തും ഈ വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍ക്കൂട്ടാകും.

ചിട്ടയായ പഠനം, പരിശീലനം എന്നിവയിലൂടെ ബി.ആര്‍ക്ക് ബിരുദം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും ആശയവിനിയ ശേഷിയുമുള്ള മികച്ച പ്രൊഫഷണലായി തീരാന്‍ അനായാസം സാധിക്കും. താത്പര്യമുള്ള പക്ഷം യുവതലമുറ ആര്‍ക്കിടെക്റ്റുകള്‍ക്ക് ആര്‍ക്കിടെക്ചര്‍ ഇതര മേഖലകളിലും വ്യക്തി മുദ്ര പതിപ്പിക്കാന്‍ കഴിയും. ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ഇന്ന് കേരളത്തില്‍ തന്നെയുണ്ട്. ധാരാളം യുവ ആര്‍ക്കിടെക്റ്റു കള്‍ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ത് ശ്രദ്ധേയമാണ്. ജോണ്‍ മാര്‍ഗറിറ്റ് (കവി), ജോൺ വാൻബ്രഗ് (നാടകകൃത്ത്), ഡാരിയോ ഫോ (നോബൽ ജേതാവ്), രത്തന്‍ ടാറ്റ (ഇന്ത്യന്‍ വ്യവസായി), തോമസ് ജെഫേഴ്സണ്‍ (അമേരിക്കന്‍ പ്രസിഡന്‍റ്), ജെയിംസ് ഗൂള്‍ഡ് കട്ട്ലര്‍ (റോക്കസ്റ്ററിലെ മേയര്‍), മാര്‍ഗരറ്റ് സ്കൂട്ട്- ലിഹോത്സ്കി (ഓസ്ട്രിയയിലെ നാസിസ്റ്റ് വിരുദ്ധ കമ്മ്യൂണിസ്റ്റ് പ്രതിരോധകരുടെ നേതാവ്), ആല്‍ബര്‍ട്ട് സ്പീര്‍ (ജര്‍മന്‍ രാഷ്ട്രീയ നേതാവ്), മിര്‍-ഹൊസ്സെയ്ന്‍ മൗസവി (ഇറാനിയന്‍ പ്രധാനമന്ത്രി), ഹാര്‍വി ഗണ്‍ട്ട് (നോര്‍ത്ത് കരോലിനയിലെ കാര്‍ലറ്റ് പട്ടണത്തിലെ മേയര്‍), ഹിസില യാം (നേപ്പാളിലെ മന്ത്രി), ഫ്ളൂര്‍ എഗെമ (ഡച്ച് രാഷ്ട്രീയ നേതാവ്), അരുന്ധതി റോയ് (പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയും) എന്നിവര്‍ മറ്റ് പ്രൊഫഷനുകളില്‍ വിജയം കൈവരിച്ച ആര്‍ക്കിടെക്റ്റുകളില്‍ ചിലരാണ്.

വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടുന്ന ആര്‍ക്കിടെക്റ്റുകള്‍ക്ക് അര്‍ബന്‍ പ്ലാനര്‍, അര്‍ബന്‍ ഡിസൈനര്‍, ഇന്‍റീരിയര്‍ ഡിസൈനര്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനര്‍, എന്‍വിറോണ്‍മെന്‍റല്‍ പ്ലാനര്‍, എന്‍വിറോണ്‍മെന്‍റല്‍ ഡിസൈനര്‍, ഹൗസിങ് പ്ലാനര്‍, കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്റ്റ്, ലാന്‍ഡ്സ്കേപ്പ് ആര്‍ക്കിടെക്റ്റ്, ബിസിനസ് അഡ്മിനിസ്ട്രേറ്റര്‍, കണ്‍സ്ട്രക്ഷന്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നിങ്ങനെ ആര്‍ക്കിടെക്ചര്‍ അനുബന്ധ പ്രൊഫഷനുകളിലും വിജയിക്കാനാകും.

മുകളില്‍ സൂചിപ്പിച്ച വിഷയങ്ങളിലുള്ള പിജി പ്രോഗ്രാമുകള്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ലഭ്യമാണ്. ആര്‍ക്കിടെക്റ്റുകള്‍ക്ക് ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രാഫര്‍, ആര്‍ക്കിടെക്ചറല്‍ ജേര്‍ണലിസ്റ്റ്, ആര്‍ക്കിടെക്ചറല്‍ ക്രിട്ടിക്ക്, ആര്‍ക്കിടെക്ചറല്‍ ഫാക്കല്‍റ്റിയും ഗവേഷകനും മുതലായ കരിയറുകളിലും ശോഭിക്കാനാകും.

ബി.ആര്‍ക്ക് പാസ്സായവര്‍ക്ക് ഇന്ത്യയ്ക്കകത്തോ പുറത്തോ ഉള്ള ആര്‍ക്കിടെക്ചറല്‍ സ്ഥാപനങ്ങളില്‍ ജൂനിയര്‍ ആര്‍ക്കിടെക്റ്റായി ചേരുകയോ മതിയായ പരിശീലനം നേടിയ ശേഷം സ്വന്തം സ്ഥാപനം തുടങ്ങുകയോ ചെയ്യാവുന്നതാണ്. കോഴസ് പാസ്സായി രജിസ്ട്രേഷന്‍ നേടിയതിനു ശേഷം താത്പര്യമുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രാക്റ്റീസ് ചെയ്യാനുമാകും.

ഒട്ടേറെ മികച്ച അവസരങ്ങളാണ് അര്‍പ്പണബോധമുള്ളവരും കഠിന പരിശ്രമം ചെയ്യാന്‍ താത്പര്യമുള്ളവരുമായ യുവ ആര്‍ക്കിടെക്റ്റുകളെ കാത്തിരിക്കുന്നത്.

ലേഖകന്‍: പ്രൊഫ. നാരായണൻ.കെ ,

മംഗളം സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ & പ്ലാനിങ് (MASAP) കോട്ടയം.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.