Last Updated: October 05, 2022
Special Feature / October 05, 2022
തലസ്ഥാനത്തിന്‍റെ പൊതു ഇടങ്ങളിലേക്ക് പുതുവാതില്‍ തുറന്ന് ഇടം 2022

കോളേജ് ഓഫ് എഞ്ചിനീയറിങ് തിരുവനന്തപുരത്തെ ആര്‍ക്കിടെക്ചര്‍ വിഭാഗം അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 27, 28, 29 തീയ്യതികളിലായി 'ഇടം 2022' നടക്കുകയുണ്ടായി. അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ അവരുടെ കോഴ്സ് പൂര്‍ത്തീകരണത്തിന്‍റെ ഭാഗമായി ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ആസൂത്രണം ചെയ്യുന്ന ത്രിദിന വര്‍ക്ക്ഷോപ്പായ 'ഇടം 2022' ഈ വര്‍ഷം സ്പോണ്‍സര്‍ ചെയ്തത് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യുറോ ഡിസൈന്‍സ് എന്ന സ്ഥാപനമാണ്. 2018, 2019 വര്‍ഷങ്ങളില്‍ നടന്ന 'ഇടം 2022' കോവിഡ് മഹാമാരിയുടെ വ്യാപനംമൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടന്നിരുന്നില്ല. അതിനാല്‍ തന്നെ ഈ വര്‍ഷം നടന്ന ഇടം 2022 കോവിഡ് തീര്‍ത്ത പ്രതിസന്ധികളില്‍ നിന്നും കരുത്താര്‍ജിച്ചു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുത്തന്‍ ഉണര്‍വായി.

കെട്ടിട നിര്‍മ്മാണത്തിനും അതിന്‍റെ സാങ്കേതിക വശങ്ങള്‍ക്കുമപ്പുറത്ത് സാമൂഹിക നവീകരണത്തിലേക്കും പരിസ്ഥിതി സംരക്ഷണത്തിലേക്കും കൂടി വ്യാപിക്കുന്ന ആര്‍ക്കിടെക്റ്റുകളുടെ ചുമതല ഈ ത്രിദിന വര്‍ക്ക് ഷോപ്പിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടു. പാരലല്‍ നറേറ്റീവ്സ് എന്ന ആശയവുമായി മുന്നോട്ടു വന്ന വര്‍ക്ക്ഷോപ്പിലൂടെ സമൂഹത്തില്‍ ആര്‍ക്കിടെക്റ്റുകള്‍ കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളും അവിടെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സാങ്കേതികതയ്ക്കപ്പുറത്ത് എങ്ങനെ വിശകലനം ചെയ്യാമെന്ന് പരിശോധിക്കപ്പെട്ടു. സമൂഹത്തില്‍ മറ്റു പല മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച വ്യക്തികളുടെ സാന്നിധ്യവും മാര്‍ഗദര്‍ശനവും കൊണ്ട് പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു പുതിയ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ വര്‍ക്ക് ഷോപ്പിലൂടെ സാധിച്ചു. 'ഹാപ്പിവേഴ്സ്' എന്ന വിഷയത്തില്‍ ചര്‍ച്ചയാരംഭിച്ച വര്‍ക്ക് ഷോപ്പ് തിരുവനന്തപുരം നഗരത്തിലെ ആറു വിവിധ ഇടങ്ങളെയും അവിടുത്തെ മനുഷ്യരെയും അവര്‍ വിവിധ തലങ്ങളില്‍ ആഗ്രഹിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന സന്തോഷത്തെയും ആനന്ദത്തെയും ആ പ്രദേശങ്ങള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങളെയും വിശകലനം ചെയതു. ആര്‍ക്കിടെക്ചറും അതിന്‍റെ പാഠ്യപദ്ധതിയുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്ന ആര്‍ട്ട്, ലിറ്ററേച്ചര്‍, സോഷ്യോളജി, ഫിലിം, തീയേറ്റര്‍, സൗണ്ട് എന്നീ മേഖലകളിലെ പ്രഗത്ഭ വ്യക്തികളും ഈ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച രണ്ട് ആര്‍ക്കിടെക്റ്റുകളും എട്ട് വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഓരോ ഗ്രൂപ്പും നഗരത്തിലെ ആറു സ്ഥലങ്ങള്‍ പഠന വിധേയമാക്കി. പ്രശസ്ത സിനിമ സംവിധായകന്‍ കമല്‍ കെ.എമ്മിന്‍റെ സാന്നിധ്യത്തില്‍ പത്മനാഭ സ്വാമി ക്ഷേത്ര പരിസരവും കിഴക്കേകോട്ടയും ക്യാമറാ കണ്ണിലൂടെ വിദ്യാര്‍ത്ഥികള്‍ നോക്കിക്കണ്ടപ്പോള്‍ സിനിമയെന്ന മാധ്യമത്തിനു സമൂഹിക പ്രശ്നങ്ങളില്‍ എങ്ങനെയൊക്കെ സ്വാധീനം ചെലുത്താമെന്നതിന്‍റെയും ഒരു പ്രതിഷേധോപാധിയായി സിനിമയെ ഏതു വിധേന ഉപയോഗിക്കാമെന്നതിന്‍റെയും പുതിയ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കിട്ടി. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ലാസര്‍ ഷൈനിന്‍റെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജും പരിസരവും പഠന വിധേയമാക്കിയപ്പോള്‍ രോഗികളും കൂട്ടിരിപ്പുകാരും നേരിടുന്ന പ്രശ്നങ്ങളും വിവിധ ജനാധിപത്യ ലംഘനങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രശസ്ത തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് രമണനും സംഘവും പാളയത്തിന്‍റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വേരുകള്‍ ചെറു നാടകത്തിലൂടെ അവതരിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും പുത്തന്‍ അനുഭവമായി. ആര്‍ട്ടിസ്റ്റ് ബ്ലെയ്സ് ജോസഫിന്‍റെ നേതൃത്വത്തില്‍ ആക്കുളം കായലും പരിസരവും നോക്കിക്കണ്ടപ്പോള്‍ നഗരവല്‍ക്കരണത്തിന്‍റെ ഇരുണ്ട കൈകളുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ ഇന്‍സ്റ്റലേഷനിലൂടെ കാണികളോട് സംസാരിച്ചു. സോഷ്യോളജിസ്റ്റ് ബബിത പി.എസിന്‍റെ സാന്നിധ്യത്തില്‍ ചാല മാര്‍ക്കറ്റിന്‍റെ വൈവിധ്യവും തിരുവനന്തപുരം നഗരത്തിന്‍റെ സാമ്പത്തിക വാണിജ്യ വികസനത്തില്‍ മാര്‍ക്കറ്റിന്‍റെ പങ്കും ചര്‍ച്ചചെയ്യപ്പെട്ടു.

പ്രശസ്ത സൗണ്ട് ആര്‍ട്ടിസ്റ്റ് ഹരികുമാര്‍ മാധവന്‍ നായരുടെ നേതൃത്വത്തില്‍ ശംഖുമുഖത്തിന്‍റെ പ്രൗഢ ഗംഭീര സാന്നിധ്യം ശബ്ദരേഖകളായി വിദ്യാര്‍ത്ഥികളിലേക്കെത്തിച്ചപ്പോള്‍ ലൈവ് സൗണ്ട് റെക്കോര്‍ഡിങ്ങിന്‍റെ ഭംഗിയും സാങ്കേതികതയും വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠങ്ങള്‍ പകര്‍ന്നു. ആഗസ്റ്റ് 29 നു സമാപന ചടങ്ങില്‍ നടന്ന രസകരവും ക്രിയാത്മകവും സാങ്കേതികമായി വേരൂന്നതുമായ പ്രസന്‍റേഷനുകള്‍ക്ക് നഗരത്തില്‍ നാം കണ്ടതും കാണാതെ പോകുന്നതും എന്നാല്‍ കണ്ടിരിക്കേണ്ടതുമായ നിരവധി കാഴ്ചകളിലേക്ക് ഓരോരുത്തരുടെയും ശ്രദ്ധ ക്ഷണിക്കാന്‍ സാധിച്ചു. സമാപന ചടങ്ങില്‍ ആര്‍ക്കിടെക്റ്റ് മിജി മാത്യു മോഡറേറ്റ് ചെയ്ത പാനല്‍ ചര്‍ച്ചയില്‍ പ്രശസ്ത ആര്‍ക്കിടെക്റ്റും അധ്യാപകനുമായ നീല്‍ കാന്ത് ചായ്യയുടെ സാന്നിധ്യം ശ്രദ്ധേയമായി. സന്തോഷവും സ്നേഹവും സാഹോദര്യവും മുതല്‍ക്കൂട്ടായ ഒരു സമൂഹം ഇവിടെ വളര്‍ന്നു വരട്ടെയെന്നും ആനന്ദകരമായ സാമൂഹികജീവിതവും സ്വകാര്യജീവിതവും ഒരേ പോലെ നേടിയെടുക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് സാധിക്കണമെന്നും അതിനു സഹായിക്കുന്ന പൊതുഇടങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നുമുള്ള ആശയം ഊട്ടിയുറപ്പിച്ചു കൊണ്ട് ഇടം 2022 ന് തിരശീല വീണു. 2017-22 ബിരുദബാച്ച് കോഴ്സ് പൂര്‍ത്തീകരണ ശേഷം ഒരു മാസത്തോളം ചിലവഴിച്ച് കഠിന പരിശ്രമത്തിന്‍റെ ഫലമായി രൂപപ്പെടുത്തിയ ഇടം 2022 ന് സംസ്ഥാനതലത്തില്‍ ആര്‍ക്കിടെക്റ്റുകള്‍ക്കിടയിലും വിവിധ സാമൂഹിക തലങ്ങളിലും ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ചു.

മീഡിയ പാര്‍ട്ട്ണര്‍ : ഡിസൈനർ പബ്ലിക്കേഷൻസ്.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.