ട്രോപ്പിക്കല്‍ ഹൗസ്

സോളാര്‍ പാനലുകളുടേയും വാട്ടര്‍ റീസൈക്ലിങ് സംവിധാനത്തിന്‍റേയും സാന്നിധ്യവും നിര്‍മ്മാണ സാമഗ്രികളുടെ ക്രിയാത്മക വിനിയോഗവും വീടിനെ കൂടുതല്‍ സ്വയം പര്യാപ്തമാക്കുന്നു.

റോഡ് ലെവലില്‍ നിന്ന് ഒന്നരമീറ്റര്‍ ഉയരമുള്ള പ്ലോട്ടില്‍ ഒരു പൂന്തോട്ടത്തിനു നടുവില്‍ ഒറ്റനിലയെന്ന തോന്നല്‍ ഉളവാക്കുംവിധം നിലകൊള്ളുന്ന ഇരുനില വീടാണിത്.

ALSO READ: അടുപ്പും ചിമ്മിനിയും

വീട്ടുടമയുടെ തറവാട് ഉള്‍പ്പെടെ തൊട്ടടുത്തുള്ള പഴയകാല കേരളീയ ഭവനങ്ങളെ അനുസ്മരിപ്പിക്കുംവിധം ചെരിഞ്ഞ മേല്‍ക്കൂരയും നീളന്‍വരാന്തയും ഉള്‍പ്പെടുത്തിയാണ് ആര്‍ക്കിടെക്റ്റ് വിപിന്‍പ്രഭു, ആര്‍ക്കിടെക്റ്റ് ശ്രുതി (വിഎസ്പി ആര്‍ക്കിടെക്റ്റ്സ്, കോഴിക്കോട്) എന്നിവര്‍ ഇവിടം ഒരുക്കിയത്.

താന്തൂര്‍ സ്റ്റോണ്‍ പാകി റാംപ് മാതൃകയിലൊരുക്കിയ ഡ്രൈവ് വേയിലൂടെയാണ് ഇവിടേക്കെത്തുന്നത്. മുക്കാല്‍ മീറ്റര്‍ ഉയരത്തിലാണ് കാര്‍പോര്‍ച്ചും മുന്‍മുറ്റവും.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

വീട്ടകത്തെ വിവിധ ഇടങ്ങളിലേക്ക് നയിക്കുന്ന പടിക്കെട്ടുകള്‍ നാടന്‍ ചെടികള്‍ ഉള്‍പ്പെടുത്തി തികച്ചും സ്വാഭാവികമായി ഒരുക്കിയ മുന്‍മുറ്റത്തുണ്ട്.

പൂമുഖം പൂര്‍ണ്ണമായും അടച്ച് കെട്ടുന്നതിനു പകരം ഗ്രില്ലുകള്‍ നല്‍കിയതിനാല്‍ പൂമുഖം, കാര്‍പോര്‍ച്ച് എന്നിവിടങ്ങളില്‍ നിന്ന് കോര്‍ട്ട്യാര്‍ഡിലേക്ക് നോട്ടമെത്തും.

ഡൈനിങ് കം ഫാമിലി ലിവിങ്ങില്‍ നിന്ന് പ്രവേശിക്കാവുന്ന എക്സ്റ്റേണല്‍ കോര്‍ട്ട്യാര്‍ഡാണ് ഇവിടുത്തെ പൊതുഇടങ്ങളേയും സ്വകാര്യ ഇടങ്ങളേയും കൂട്ടിയിണക്കുന്നത്.

കോര്‍ട്ട്യാര്‍ഡിന്‍റെ സാന്നിധ്യം പരമാവധി വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്നതിനൊപ്പം അയല്‍വീടുകളുമായുള്ള ആശയവിനിമയവും സുസാധ്യമാക്കുന്നു.

കിച്ചന്‍, ഡൈനിങ്, ഫാമിലി ലിവിങ് എന്നിവ നേര്‍രേഖയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗോവണിപ്പടവുകളും ഇന്‍ബില്‍റ്റ് ഫര്‍ണിച്ചറും പുനരുപയോഗിച്ച തടി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ഡൈനിങ്ങിന്‍റെ ഒരു വശത്ത് പഴയകാല കേരളീയ ഭവനങ്ങളിലേതു പോലുള്ള നാലുപാളി വാതില്‍ നല്‍കിയത് ശ്രദ്ധേയമാണ്. അകത്തളത്തിലെ ചൂട് കുറയ്ക്കാന്‍ വേണ്ടി കൂടിയാണ് വീടിന്‍റെ തെക്കു ഭാഗത്ത് ഗ്ലാസ് പരമാവധി ഒഴിവാക്കി തടി ഉപയോഗിച്ചത്.

വടക്കുഭാഗത്തൊരുക്കിയ ഇവിടുത്തെ നാല് കിടപ്പുമുറികള്‍ക്കും അനുബന്ധമായി നല്‍കിയ പ്രത്യേക ഡ്രസിങ് ഏരിയകളിലൂടെയാണ് അതാതിടങ്ങളിലെ ശുചിമുറികളിലേക്ക് പ്രവേശനം.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

പ്രകൃതിദത്തവും തദ്ദേശീയമായി ലഭ്യമായതുമായ സാമഗ്രികളാണ് ഗൃഹനിര്‍മ്മാണത്തിന് പ്രധാനമായും ഉപയോഗിച്ചത്. ഫാള്‍സ് സീലിങ്ങ് പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് ചൂട് വായു പുറന്തള്ളത്തക്കവിധം രണ്ട് തട്ടുകളിലുള്ള ഓട് പാകിയ മേല്‍ക്കൂരയാണ് വീടിന് നല്‍കിയത്.

മേല്‍ക്കൂരയുടെ ചട്ടക്കൂട് ഒരുക്കാനും, ജനാലകള്‍, ഫോള്‍ഡിങ് ഡോറുകള്‍ എന്നിവ നിര്‍മ്മിക്കാനുമായി മൈല്‍ഡ് സ്റ്റീല്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തും വിധം രൂപകല്‍പ്പന ചെയ്ത വീടിന്‍റെ എലിവേഷന്‍ തികച്ചും സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്. മഴവെള്ള സംഭരണിയുടേയും മത്സ്യക്കുളത്തിന്‍റേയും സാന്നിധ്യം ഗൃഹാന്തരീക്ഷം കൂടുതല്‍ കുളിര്‍മ്മയേറിയതാക്കുന്നു.

സോളാര്‍ പാനലുകളുടേയും വാട്ടര്‍ റീസൈക്ലിങ് സംവിധാനത്തിന്‍റേയും സാന്നിധ്യവും നിര്‍മ്മാണ സാമഗ്രികളുടെ ക്രിയാത്മക വിനിയോഗവും വീടിനെ കൂടുതല്‍ സ്വയം പര്യാപ്തമാക്കുന്നു.

FACT FILE

  • Architects: Ar. Vipin Prabhu & Ar. Sruthi Bijunath (VSP Architects,
    Kozhikode)
  • Project Type: Residential House
  • Owners: Vinoop Kumar And Vidya Vinoop
  • Location: Kannadikkal, Kozhikode
  • Year Of Completion: 2018
  • Area : 2500 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.