Last Updated: August 01, 2022
Editorial / Dr.Rema S Kartha / August 01, 2022
സ്വതന്ത്രമാകാം വേരുകളിലൂന്നിക്കൊണ്ട്

വളര്‍ച്ച പൂര്‍ണ്ണമായെന്നു തോന്നിക്കഴിയുമ്പോള്‍ വേരുകളിലേക്കു മടങ്ങിത്തുടങ്ങും മരമായാലും മനുഷ്യനായാലും. ആകാവുന്നിടത്തോളം ചില്ലകള്‍ പടര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ വേരുകള്‍ ദൂരേയ്ക്കും താഴേയ്ക്കും പായിച്ച് പറ്റാവുന്നിടത്തോളം ഉറപ്പ് കൂട്ടാന്‍ മരം ശ്രമിക്കുന്നതു പോലെ തന്നെ ഏതൊരാളും ഒരു പ്രായമെത്തിക്കഴിയുമ്പോള്‍ ജനിച്ചു വളര്‍ന്ന നാടും വീടും സംസ്കാരവും സ്വന്തബന്ധങ്ങളും വിലപ്പെട്ടതായി കാണാന്‍ തുടങ്ങും. അത്തരം ഒരു തിരിച്ചു പോക്ക് ആര്‍ക്കായാലും കൂടുതല്‍ കരുത്തു പകരുകയേയുള്ളു. പഴമയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന സൃഷ്ടികള്‍ ; കൂടുതല്‍ പുതുമകള്‍ക്കായി പിന്നിലേയ്ക്കു തിരിഞ്ഞു നോക്കുന്ന രൂപകല്പനാ നയം ഇതെല്ലാം ഇന്നത്തെ വാസ്തുകലയുടെ മുഖമുദ്രകളാണ്. ലോകമെമ്പാടും മനുഷ്യമനസ്സിന്‍റെ ചിന്താസരണികള്‍ ഒന്നു തന്നെയാണ് എന്ന് കൂടി വായിച്ചെടുക്കാം കാലഘട്ടത്തിന്‍റെ സൂചകങ്ങളായ ചില കെട്ടിടങ്ങള്‍ കാണുമ്പോള്‍.

വാക്കുകള്‍ കൊണ്ട് പകര്‍ത്തി വയ്ക്കാനാവില്ല ചില നിര്‍മ്മിതികള്‍ നമ്മില്‍ ഉണര്‍ത്തുന്ന വികാരങ്ങളെ. അത്തരത്തില്‍ രണ്ടു വീടുകളാണ് ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആര്‍ട്ടിസ്റ്റ് സ് റെസിഡന്‍സ് (എലൈന്‍ സ്റ്റുഡിയോ), ദി ഹോം ലിബറേറ്റഡ് (അസൈലം) എന്നിവ. രണ്ടും റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങ്സ് വിഭാഗത്തില്‍ ഐ ഐ എ അവാര്‍ഡിനര്‍ഹമായവയാണ്. ആര്‍ട്ടിസ്റ്റ്സ് റെസിഡന്‍സ് ഒരു പുതിയ കാല സംരചനയില്‍ എങ്ങനെയാണ് നമ്മുടെ സംസ്കൃതിയെ കലാത്മകമായി വരച്ചു ചേര്‍ക്കാനാകുക എന്ന് ഉദാഹരിയ്ക്കുമ്പോള്‍ ദി ഹോം ലിബറേറ്റഡ് പഴമയുടെ സ്വത്വം തിരിച്ചറിഞ്ഞ്, അതിനെ പരിരക്ഷിച്ച് എന്നാല്‍ പുതിയ കാലഘട്ടത്തിനനുസൃതമാക്കിക്കൊണ്ട് ആ വീടിന്‍റെയും ചില മാമൂല്‍ ആശയങ്ങളുടെയും ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാകുന്നു. എന്തും നമ്മുടെ മനസ്സിനെ തൊടണമെങ്കില്‍ അത് നമ്മുടെ അനുഭവ പരിധിയില്‍ വരുന്നതായിരിക്കണം. ഈ വീടുകളോട് മാത്രമല്ല ഇത്തരത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള മറ്റ് പല വാസ്തുശില്പങ്ങളോടും നമുക്ക് അടുപ്പം തോന്നുന്നത് ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ അവയെ നാം കാണുകയും കൊതിക്കുകയും അറിയുകയുമൊക്കെ ചെയ്തിട്ടുള്ളതു കൊണ്ടായിരിക്കും. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും താല്‍പ്പര്യങ്ങളും വ്യത്യസ്തമാണെങ്കിലും ഒരു ദേശത്തിന്‍റെയും സമൂഹത്തിന്‍റെയും ജനതയുടെയും അഭിരുചികളില്‍ സമാനതകള്‍ ഉണ്ടായിരിക്കും എന്നതുറപ്പാണ്. അതുകൊണ്ടു തന്നെയാണ് ഇത്തിരി തണുപ്പും പച്ചപ്പും കണ്ടു മറന്ന ചില കോണുകളും കോലായകളുമൊക്കെ നമ്മുടെ മുറ്റം കടന്ന് വീട്ടകം പൂകുന്നത്. ഇന്നലെകള്‍ക്ക് ഒരിക്കലും മാറ്റമില്ല. ഇന്നും നാളെയും എന്നതും ഇന്നലെകളായി തന്നെയാണല്ലോ മാറുക. അതിനാല്‍ അല്പം ഗൃഹാതുരത്വം ഒരു മഹാ പാപമൊന്നുമല്ല തന്നെ.

അന്തര്‍ദേശീയ വാസ്തുകലയോടു കിടപിടിക്കാന്‍ തക്കവണ്ണം കേരളീയ വാസ്തുകലയുടെ വളര്‍ച്ച ഏറെക്കുറെ പൂര്‍ണ്ണമായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇനി നമുക്കു വേണ്ടത് വേരുകള്‍ പടര്‍ത്തിയുമാഴ്ത്തിയും അവയുടെ ബലത്തില്‍ തെല്ലഹങ്കരിച്ചും ആഘോഷിച്ചും എന്നാല്‍ പക്ഷേ, സ്വന്തം മട്ടിലും തട്ടിലും നിവര്‍ന്നു നിന്നുകൊണ്ടുള്ള ചില സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ തന്നെയാണ്.

- ഡോ. രമ എസ്. കര്‍ത്ത (എഡിറ്റര്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.