Last Updated: July 04, 2022
IIA - Award Winner / July 04, 2022

ഇപിജെ റസിഡന്‍സ്

കന്റംപ്രറി-കൊളോണിയല്‍

ഒരു നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ പ്ലോട്ടില്‍ വീടിനൊപ്പം നീലാകാശ ത്തേക്കു മിഴി തുറക്കുന്ന വിശാലമായ പൂന്തോട്ടവും ഉള്‍പ്പെടുത്തി എന്നതാണ് ഈ വീടിനെ അന്യാദൃശമാക്കുന്നത്. 11 മീറ്റര്‍ നീളവും 54.50 മീറ്റര്‍ വീതിയുമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള പ്ലോട്ടായിരുന്നു ഇത്. അതും എറണാകുളം നഗരമദ്ധ്യത്തിലെ തിരക്കേറിയ ഒരു തെരുവില്‍ വ്യാപാര സമുച്ചയങ്ങള്‍ക്കെതിര്‍ വശത്ത് സ്ഥിതി ചെയ്യുന്ന ഒന്ന്. വ്യാപാര ശാലകളാണ് സമീപത്തുള്ളതെന്നതിനാല്‍ സാജു ജോസഫും ഭാര്യയും വിദ്യാര്‍ത്ഥിയായ മകനുമടങ്ങുന്ന മൂന്നംഗ കുടുംത്തിന് അയല്‍ക്കാരുമായി ആശയവി നിമയത്തിനുള്ള സാദ്ധ്യതകള്‍ വിരളമായിരുന്നു. നഗരത്തിരക്കുകളെ പടിക്കു പുറത്തു 23 നിര്‍ത്തുന്ന സ്വച്ഛശാന്തമായ അന്തരീക്ഷമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് വീട്ടുകാര്‍ മുന്‍കൂട്ടി സൂചിപ്പിക്കുകയും ചെയ്തിരുന്നു. അപ്പാര്‍ട്ട്മെന്‍റിന്‍റെ നാല് ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന ഈ അണുകുടുംബത്തിന് മതിയായ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് പച്ചത്തുരുത്തുകള്‍ ഉള്‍ച്ചേര്‍ത്ത് സുരക്ഷിതമായ വാസസ്ഥാനം ഒരുക്കാന്‍ സാധിച്ചു എന്നതാണ് 'ഇപിജെ റസിഡന്‍സ്' എന്ന ഈ പ്രോജക്റ്റിന്‍റെ മേന്മ. ഗാരേജും അതിന്‍റെ മുകളിലേക്ക് നയിക്കുന്ന ഗോവണിയുമാണ് ഗേറ്റിന്‍റെ വലതുവശത്തുള്ളത്. ഭാഗികമായി പേവിങ് ടൈല്‍ പാകിയ മുന്‍മുറ്റത്ത് ചരല്‍ വിരിച്ചതിനാല്‍ മഴവെള്ളം സുഗമമായി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങും. മുന്‍മുറ്റത്തു നിന്ന് ജാളികളും വുഡന്‍ സ്ക്രീനും കൊണ്ട് മറച്ച ഇന്നര്‍ കോര്‍ട്ട്യാര്‍ഡിലേക്ക് പ്രവേശിക്കാം. ഡബിള്‍ ഹൈറ്റ് ലിവിങ് സ്പേസിന്‍റെ കവാടത്തില്‍ കോര്‍ട്ട്യാര്‍ഡിന്‍റെ ഭാഗമായി ഒരുക്കിയ ജലാശയം ഒറ്റനോട്ടത്തില്‍ തന്നെ ഏവരുടേയും മനം കുളിര്‍പ്പിക്കും. ഈ ഏരിയയില്‍ സസ്യലതാദികള്‍ പരമാവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

5.2 മീറ്റര്‍ നീളവും 2.25 മീറ്റര്‍ വീതിയുമുള്ള ഡബിള്‍ ഹൈറ്റ് സ്വിങ് ഡോറുകളാണ് ജലാശയം, ഇടനാഴി, ലിവിങ് ഏരിയ എന്നിവയെ കൂട്ടിയിണക്കുന്നത്. പ്രൗഢമനോഹരമായി ഒരുക്കിയ ലിവിങ് ഏരിയയുടെ പിന്നിലാണ് ഡൈനിങ്, കിച്ചന്‍, കിടപ്പുമുറികള്‍ എന്നിവ സ്ഥാനപ്പെടുത്തിയത്. പിന്‍വശത്തെ മതിലിനു സമീപം ഒരുക്കിയ രണ്ടാമത്തെ കോര്‍ട്ട്യാര്‍ഡാണ് ഈ ഏരിയകളുടെ സ്വകാര്യത ഉറപ്പാക്കുന്നത്. പ്രെയര്‍ ഏരിയ, ഡൈനിങ് എന്നിവയ്ക്കിടയില്‍ ഉപയുക്തതയ്ക്കു പ്രാമുഖ്യം നല്‍കി ക്രമീകരിച്ച ഗോവണിയാണ് മുകള്‍നിലയില്‍ സ്ഥാനപ്പെടുത്തിയ കിടപ്പുമുറികളിലേക്ക് നയിക്കുന്നത്. ഇവിടുത്തെ ജനാലകള്‍ ജലാശയം, ഇടനാഴി, ലിവിങ് എന്നിവയിലേക്കാണ് തുറക്കുന്നത്. പിന്‍വശത്തെ കോര്‍ട്ട്യാര്‍ഡിനഭിമുഖമായി ക്രമീകരിച്ച നീളന്‍ ബാല്‍ക്കണിയും കിടപ്പുമുറികള്‍ക്ക് പിന്നിലുണ്ട്. വീടിന്‍റെ ടെറസ് ട്രസ് വര്‍ക്ക് ചെയ്തും ഗ്രില്ലിട്ട് സുരക്ഷിതമാക്കിയും പാര്‍ട്ടി സ്പേസായി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തിന്‍റെ ചേതോഹരമായ പനോരമിക്ക് ദൃശ്യം ഇവിടെ നിന്ന് മതിയാവോളം ആസ്വദിക്കാനാകും. ബാല്‍ക്കണിയുടെ ഭാഗമായ ഗോവണിയാണ് ഇവിടേക്ക് നയിക്കുന്നത്. ഉയരം കൂട്ടി നിര്‍മ്മിച്ച ചുറ്റുമതില്‍ സിമന്‍റ് ടെക്സ്ചര്‍ ഫിനിഷിലാണ്.

ഇഷ്ടിക പുറത്തു കാണത്തക്ക വിധത്തിലാണ് വീടിന്‍റെ എലിവേഷനും, കാര്‍പോര്‍ച്ചും പാര്‍ട്ടിസ്പേസും നിര്‍മ്മിച്ചത്. ഈ നിര്‍മ്മിതിക്കൊപ്പം ചരല്‍ വിരിച്ച മുന്‍മുറ്റവും ജലാശയവും ഇഴ ചേരുമ്പോള്‍ ഗ്രാമീണ വിശുദ്ധിയാണ് അനുഭവവേദ്യമാകുന്നത്. വാസ്തുബിംബങ്ങളെ ചുറ്റുപാടുകളുമായി തികഞ്ഞ സ്വാഭാവികതയോടെ കോര്‍ത്തിണക്കാന്‍ പരിചയസമ്പന്നനായ ഒരു വാസ്തുശില്‍പ്പിക്കുള്ള അനുപമ ചാതുരിയുടെ നേര്‍സാക്ഷ്യമാണ് ഈ നിര്‍മ്മിതി. ഇതിലൂടെ നഗരമദ്ധ്യത്തില്‍ സ്വച്ഛശാന്തമായ വാസസ്ഥാനം ഒരുക്കുക എന്ന വെല്ലുവിളി വിജയകരമായി നേരിടാന്‍ ആര്‍ക്കിടെക്റ്റ് റോയ് ആന്‍റണിക്ക് കഴിഞ്ഞിട്ടുണ്ട്. ശബ്ദായമാനമായ ചുറ്റുപാടില്‍ ശാന്തസുന്ദരമായ ഒരു തുരുത്ത് സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വിശാലമായ മുന്‍മുറ്റവും ജലാശയവും നീളന്‍ ഇടനാഴിയും വീടിന്‍റെ ഭാഗമാക്കിയത്. കെട്ടുറപ്പുള്ളതും പ്രൗഢമനോഹരവുമായ ഒരു പൂന്തോട്ടത്തിനകത്തെത്തിയ പ്രതീതിയാണ് ഈ വീട് സന്ദര്‍ശകരില്‍ ഉളവാക്കുന്നത്.

ഡിസൈന്‍:ആര്‍ക്കിടെക്റ്റ് റോയ് ആന്‍റണി ഇല്ലംപള്ളില്‍ (Ar. Roy Antony Illampallil),

റോയ് ആന്‍റണി ആര്‍ക്കിടെക്റ്റ്സ്, കൊച്ചി,

ഫോണ്‍ : 9447067323

ക്ലയന്‍റ്: സാജു ജോസഫ്

ലൊക്കേഷന്‍: എളമക്കര, എറണാകുളം.

ഏരിയ: 3632.28 സ്ക്വയര്‍ഫീറ്റ്.

പ്ലോട്ട്: 15 സെന്‍റ്.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.