Last Updated: July 24, 2026

വിലയില്ലാത്ത വര

വാസ്തു ശില്പികളുടെ തലവര വിചിത്രവും പരിതാപകരവുമാണ്. വാസ്തു ശാസ്ത്ര ബിരുദധാരികള്‍ക്ക് ലഭിക്കുന്ന പ്രതിഫലം തുലോം തുച്ഛമാണ്. സര്‍ക്കാര്‍ തലത്തില്‍ ജോലി സാധ്യത വിരളമാണ്. സ്വകാര്യ മേഖലയില്‍ ശമ്പളം ഇല്ലെന്ന് തന്നെ പറയാം. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ട്. തൊഴില്‍ സാധ്യതയില്ലാത്ത ഒരു മേഖലയായി വാസ്തു ശില്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു തുടങ്ങി. ഇതിനു പ്രധാന കാരണം ഈ സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന വാസ്തു ശില്പികള്‍ തന്നെയാണ്. പ്രതിഫലത്തില്‍ വരുത്തുന്ന അപാകതകളും ഇളവുകളും സേവനത്തിന്‍റെ മൂല്യം ഇടിക്കുന്നു. ഒരു വാസ്തു ശില്പി വീട് രൂപകല്‍പ്പന ചെയ്യുമ്പോള്‍ നല്‍കുന്നത് കേവലം ഒരു പടമോ രൂപരേഖയോ അല്ല. മറിച്ച് ശിഷ്ട ജീവിതത്തിലെ സുഖവും സമാധാനവും ആണ്. ഓരോ വീടും അതിന്‍റെ ഉടമയ്ക്ക് ഒരു അനുഭൂതിയാകണം. ഈ അനുഭൂതിയുടെ വില അമൂല്യമാണ്. സ്വന്തം കസ്തൂരി ഗന്ധം തിരിച്ചറിയാത്ത ഗര്‍ദഭങ്ങള്‍ ആയി വാസ്തു ശില്പികള്‍ പരിണമിക്കുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്. കേവലം പ്ലാന്‍ വരക്കാരായി അധ:പതിച്ചു സ്വയം വിലയിടിച്ചു കളഞ്ഞ മുന്‍ഗാമികള്‍ പുതുതലമുറയ്ക്ക് മുന്‍പില്‍ വഴിയടച്ചു കളഞ്ഞു. സംഘടിതമായി സേവന നിരക്കുകള്‍ ഏകോപിപ്പിക്കുകയും കുറഞ്ഞ പ്രതിഫലത്തിന് പ്രവര്‍ത്തിക്കുന്നവരെ ബഹിഷ്കരിക്കുകയും ചെയ്യണം. അതോടൊപ്പം സമൂഹത്തില്‍ വാസ്തുശില്പികളുടെ വില മനസ്സിലാക്കുവാനുള്ള പ്രചാരവേലകളും സംഘടിപ്പിക്കണം. തുച്ഛമായ നിരക്കില്‍ സേവനം ആവശ്യപ്പെടുന്ന ഉപഭോക്താവിനെ അതിന്‍റെ ചതിക്കുഴികള്‍ ബോധ്യപ്പെടുത്തണം. വാസ്തു ശില്പികള്‍ നല്‍കുന്നത് കേവലം വരയല്ല അതൊരു വരമാണ് എന്ന സത്യം സമൂഹത്തിന് ബോധ്യപ്പെടണം. ലക്ഷങ്ങള്‍ കെട്ടിട സാമഗ്രികള്‍ക്ക് ചെലവാക്കുന്ന ഉടമ പതിനായിരങ്ങള്‍ വാസ്തുശില്പിക്ക് നല്‍കാന്‍ മടിക്കുന്നു. ബോധവല്‍ക്കരണമാണ് സേവനത്തിന്‍റെ മൂല്യം ഉയര്‍ത്താനുള്ള പ്രഥമ പദ്ധതി. ഇത് വാസ്തു ശില്പികള്‍ ഏറ്റെടുത്തില്ലെങ്കില്‍ എടുക്കാ ചരക്കുകള്‍ ആയി ഒതുങ്ങേണ്ടിവരും..

- എല്‍. ഗോപകുമാര്‍ (ചീഫ് എഡിറ്റര്‍).

Newsletter

Subscribe our latest news/publications.

www.designerpublications.com
Petra Doors

Quick Links

2025-2026© Designer Publications Kerala Pvt.Ltd.. All Rights Reserved.