Last Updated: August 01, 2022
Home Style / August 01, 2022

ബോധി

Project Specifications

ഐഐഎ കേരള സ്റ്റേറ്റ് അവാര്‍ഡ്സ് 2021 / ഡിസൈനര്‍ + ബില്‍ഡര്‍

ന്യൂട്രല്‍ നിറങ്ങള്‍ ചാലിച്ച് പ്രകൃതിയെ അറിഞ്ഞു കൊണ്ടുള്ള തൊഴിലിടം എന്ന സങ്കല്‍പ്പത്തില്‍ കൊച്ചി നഗരമദ്ധ്യത്തിലൊരുക്കിയ ഈ നിര്‍മ്മിതി അക്ഷരാര്‍ത്ഥത്തില്‍ ഒരു പച്ചത്തുരുത്താണ്. ഐടി, അഡ്വര്‍ടൈസിങ്, മള്‍ട്ടി മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ബിസിനസ് എഡ്യുക്കേഷന്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി മുതലായ പല ബിസിനസുകളും ചെയ്യുന്ന് ദമ്പതികള്‍ക്കു വേണ്ടി ബോധി എന്ന പേരില്‍ രൂപകല്‍പ്പന ചെയ്ത ഓഫീസ് സമുച്ചയമാണിത്. അങ്ങേയറ്റം സാമൂഹിക പ്രതിബദ്ധതയുള്ളവരും പരിസ്ഥിതി സ്നേഹികളുമാണ് ക്ലയന്‍റുകളായ അരവിന്ദും ലക്ഷ്മിയും. വീടുകള്‍ക്ക് നടുവിലെങ്കിലും ഹരിതാഭമായ 10.75 സെന്‍റ് പ്ലോട്ടിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കാഴ്ച ഭംഗിയേക്കാള്‍ ഉപയുക്തതയ്ക്ക് പ്രാമുഖ്യമുള്ള ബഹുനില കെട്ടിടം എന്ന ആവശ്യമാണ് ഉടമസ്ഥര്‍ ആദ്യ സന്ദര്‍ശനത്തില്‍ മുന്നോട്ടു വച്ചത്. പ്ലോട്ടില്‍ ഹരിതബിംബങ്ങള്‍ പരമാവധി ഉള്‍ച്ചേര്‍ത്തത് തികച്ചും അനുകരണീയമാണ്.

വിശാലമായ പാര്‍ക്കിങ് സ്പേസും റിസപ്ഷനും മാത്രമേ താഴത്തെ നിലയിലുള്ളൂ. ഫസ്റ്റ് ഫളോര്‍ ബിസിനസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് ഫേം എന്നിവയ്ക്കായും സെക്കന്‍റ് ഫ്ളോര്‍ ബ്രാന്‍ഡിങ് & അഡ്വര്‍ടൈസിങ് ഫേമിനായും നീക്കിവെച്ചിരിക്കുകയാണ്. ഐടി & ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഫേം, കോമണ്‍ മീറ്റിങ് റൂമുകള്‍, ലൈബ്രറി എന്നിവ തേര്‍ഡ് ഫ്ളോറിലും കോര്‍പ്പറേറ്റ് സൊല്യൂഷന്‍സ് ഫേം ഫോര്‍ത്ത് ഫ്ളോറിലും ക്രമീകരിച്ചു. കോമണ്‍ പാന്‍ട്രിയും റസ്റ്റ് റൂമുകളുമാണ് ഫിഫ്ത്ത് ഫ്ളോറിലുള്ളത്. പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനുള്ള ക്ലയന്‍റുകളുടെ ആഭിമുഖ്യം കണക്കിലെടുത്താണ് 40 സെന്‍റിമീറ്റര്‍ ആഴമുള്ള പ്ലാന്‍റര്‍ ബോക്സുകള്‍ കെട്ടിടത്തില്‍ സമൃദ്ധമായി ഉള്‍പ്പെടുത്തിയത്. ഇവയില്‍ നട്ട നാടന്‍ ചെടികള്‍ ഓട്ടോമേറ്റഡ് ഇറിഗേഷന്‍ സംവിധാനം ഉപയോഗിച്ചാണ് നനക്കുന്നത്.

ഹരിതബിംബങ്ങളുടെ സാന്നിധ്യം വായു സഞ്ചാരം ഉറപ്പാക്കി അകത്തളത്തിലെ ചൂട് കുറയ്ക്കുകയും വായുവിന്‍റെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യുന്നതിനൊപ്പം പൊടിയും മലിനീകരണവും കുറയ്ക്കാനും തൊഴിലാളികളുടെ ഉത്പാദന ക്ഷമത ഏറ്റാനും കൂടി ഉതകുന്നുണ്ട്. ആശയവിനിമയം കൂടുതല്‍ സുതാര്യമാക്കുന്നതിനും തൊഴിലാളികളുടെ ക്രിയാത്മകതയും പരസ്പര സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി തുറസ്സായ നയത്തിലാണ് വര്‍ക്ക്സ്പേസുകള്‍ ക്രമീകരിച്ചത്. അങ്ങേയറ്റം ഊര്‍ജ്ജക്ഷമമായി ഒരുക്കിയ ഈ ഓഫീസ് സമുച്ചയത്തില്‍ പകല്‍ സമയത്ത് ഒരു ലൈറ്റ് പോലും ഓണാക്കേണ്ടി വരുന്നില്ല. പൊടി ശല്യത്തെ ഭയക്കാതെ പകല്‍ സമയം മുഴുവന്‍ സ്ലൈഡിങ് ഡോറുകള്‍ തുറന്നു വെയ്ക്കാന്‍ കഴിയുന്നുണ്ടെന്നതും കോണ്‍ഫറന്‍സ് റൂമില്‍ മാത്രമേ ശീതീകരണി പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നുള്ളൂ എന്നതും എടുത്തു പറയത്തക്കതാണ്. 3500ഓളം കുറ്റിച്ചെടികളും 1500ഓളം വള്ളിച്ചെടികളും അറുപതോളം മുളകള്‍, പനകള്‍, പൂമരങ്ങള്‍, 5000ത്തോളം ഔഷധ സസ്യങ്ങള്‍ എന്നിവ ഈ ഓഫീസ് സമുച്ചയത്തിന്‍റെ ലാന്‍ഡ്സ്കേപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇരുന്നൂറോ മുന്നൂറോ ചെടികള്‍ ഓരോ പ്ലാന്‍റര്‍ ബോക്സിലും നട്ടു പിടിപ്പിച്ചത് ശ്രദ്ധേയമാണ്. ഒറ്റ നോട്ടത്തില്‍ തന്നെ ഏവരുടേയും മനം കവരുന്ന സസ്യ വൈവിധ്യമാണ് ഈ ഓഫീസ് സമുച്ചയത്തെ അന്യാദൃശമാക്കുന്നത്.

Design : : ആര്‍ക്കിടെക്റ്റ് സിമി ശ്രീധരന്‍ (Ar.Simi Sreedharan) Common Ground Architecture (കോമണ്‍ ഗ്രൗണ്ട് ആര്‍ക്കിടെക്ചര്‍) Kozhikode. Mob: 9846333599.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.