Last Updated: August 01, 2022
Home Style / August 01, 2022

സ്വാഭാവികതയുടെ സൗന്ദര്യത്തികവ്

അകത്തളം സ്‌പേഷ്യസാണ്

ആര്‍ക്കിടെക്റ്റ് കൃഷ്ണചന്ദ്രന്‍ (ആര്‍ക്ക്-എസ്പാകോ ആര്‍ക്കിടെക്റ്റ്സ്, ട്രിവാന്‍ഡ്രം) ആണ് 'L' ആകൃതിയിലൊരുക്കിയ ഈ വീടിന്‍റെ ശില്‍പ്പി. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്ത് 23 സെന്‍റ് പ്ലോട്ടില്‍ നില കൊള്ളുന്ന 3300 ചതുരശ്ര അടി വീടാണിത്. ഐടി പ്രൊഫഷണലുകളായ ക്രൈസ്റ്റ് മാന്‍ കോര- രേഷ്മ ദമ്പതിയാണ് ഇവിടുത്തെ ഗൃഹനാഥര്‍. ശ്രീകാര്യം ഗാന്ധിപുരം റോഡിലെ ഒരു 'T' ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന വടക്കോട്ടു ദര്‍ശനമായ 23 സെന്‍റ് പ്ലോട്ടായിരുന്നു ഇത്. പരമാവധി പിന്നോട്ടിറക്കി വേണം വീട് പണിയാനെന്നും മുന്‍ഭാഗത്ത് മനോഹര മായ പൂന്തോട്ടം ഒരുക്കണമെന്നുമായിരുന്നു വീട്ടുടമയുടെ മോഹം. പൊതു ഇടങ്ങളെല്ലാം മുന്‍മുറ്റത്തു നിന്ന് നേരിട്ട് പ്രവേശിക്കത്തക്കവ ആയിരിക്കണമെന്ന് അദ്ദേഹം പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. വീട്ടകത്ത് ഹരിതബിംബങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് വീട്ടുകാര്‍ക്ക് തീരെ താല്‍പര്യമില്ലായിരുന്നു. ഈ സങ്കല്‍പ്പങ്ങളോടെല്ലാം നീതി പുലര്‍ത്തിക്കൊണ്ട് തന്നെ വീടിനെ ബാഹ്യപ്രകൃതിയുമായി കൂട്ടിയിണക്കുന്നതിന് വേണ്ടിയാണ് വീടിന് 'L' ആകൃതി നല്‍കിയത്.

ആധുനിക പരമ്പരാഗത ശൈലികള്‍

എലിവേഷനില്‍ ആധുനിക പരമ്പരാഗത ശൈലികള്‍ സമന്വയിച്ചിരിക്കുകയാണ്. ഹരിതാഭയെ വീട്ടകത്തേക്ക് പരമാവധി ആവാഹിക്കുന്നതിന് വേണ്ടിയാണ് വലിയ ജനാലകള്‍ സമൃദ്ധമായി ഉള്‍പ്പെടുത്തിയത്. സ്റ്റെയര്‍ വാളില്‍ ഉള്‍പ്പെടുത്തിയ ചെറുതും വലുതുമായ സ്ട്രിപ് വിന്‍ഡോകളും വശത്തെ ഭിത്തിയില്‍ ചെയ്ത സ്റ്റോണ്‍ ക്ലാഡിങ്ങുമാണ് എലിവേഷനിലെ ഡിസൈന്‍ എലമെന്‍റുകള്‍. വീടിനകത്തും പുറത്തും വെണ്‍മയ്ക്കാണ് പ്രാമുഖ്യം. രണ്ടു തട്ടുകളായി കിടന്നിരുന്ന പ്ലോട്ടിലെ ലെവല്‍ വ്യതിയാനം കൂടി കണക്കിലെടുത്ത് പല തട്ടുകളായാണ് വീടിന്‍റെ മേല്‍ക്കൂര നിര്‍മ്മിച്ചത്. പരിപാലനം എളുപ്പമാക്കുന്നതിനു വേണ്ടിയാണ് വെള്ളം തെറിക്കാന്‍ സാദ്ധ്യതയുള്ള ഇടങ്ങളില്‍ ടൈല്‍ ക്ലാഡിങ് ചെയ്തതും മറ്റിടങ്ങളില്‍ പെബിള്‍ ബെഡ് ഉള്‍പ്പെടുത്തിയതും. 'L' ഷേപ്പില്‍ ഒരുക്കിയതിനാല്‍ ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഫാമിലി ഡൈനിങ് എന്നിവിടങ്ങളിലേക്ക് ലാന്‍ഡ്സ്കേപ്പില്‍ നിന്ന് നോട്ടമെത്തും. ഇരു ഡൈനിങ്ങുകളിലേക്കും മുന്‍മുറ്റത്തു നിന്ന് നേരിട്ട് പ്രവേശിക്കാനുമാകും. അങ്ങേയറ്റം സ്വകാര്യതയോടെ മറുഭാഗത്ത് കിടപ്പുമുറികളും സ്ഥാനപ്പെടുത്തി. ഭഘ' ഷേപ്പില്‍ വീടൊരുക്കിയതിലൂടെ പ്ലോട്ടിലുണ്ടായിരുന്ന മരങ്ങള്‍ പരമാവധി നിലനിര്‍ത്തുന്നതിനും സെമി പ്രൈവറ്റ് ഏരിയകള്‍ ലാന്‍ഡ് സ്കേപ്പിലേക്ക് നോട്ടമെത്തത്തക്ക വിധം സ്ഥാനപ്പെടുത്തുന്നതിനും കിടപ്പുമുറികളുടെയും അടുക്കളയുടെയും സ്വകാര്യത ഉറപ്പാക്കുന്നതിനും സാധിച്ചിട്ടുണ്ട്. അകം ചുമരുകളില്‍ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തതിനാല്‍ അകത്തളത്തിലെ ചൂട് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഫോയറിന്‍റെ ധര്‍മ്മം കൂടി നിര്‍വ്വഹിക്കത്തക്ക വിധത്തിലാണ് ഫോര്‍മല്‍ ലിവിങ് സ്ഥാനപ്പെടുത്തിയത്. ഫോര്‍മല്‍ ലിവിങ്ങില്‍ നിന്ന് നേരിട്ട് നോട്ടമെത്തത്തക്ക വിധം ഒരുക്കിയ ഫാമിലി ലിവിങ്ങില്‍ മാത്രമേ ടിവി യൂണിറ്റുള്ളൂ. രണ്ട് ലിവിങ് ഏരിയകളും ഡബിള്‍ഹൈറ്റിലാണ്. ഫോര്‍മല്‍ ലിവിങ്ങിന്‍റെ നേരേ മുകളിലാണ് ഓഫീസ് സ്പേസിനിടം കണ്ടത്. താഴത്തെ നിലയിലേക്കു നോട്ടമെത്തുന്നതിനു വേണ്ടി കൂടിയാണ് ഇവിടുത്തെ ഭിത്തി അടച്ചു കെട്ടാതെ ടഫന്‍ഡ് ഗ്ലാസിട്ടത്. ആവശ്യമുള്ള പക്ഷം സ്റ്റഡി കം വര്‍ക്ക് സ്പേസായി കൂടി പ്രയോജനപ്പെടുത്തക്ക വിധത്തിലാണ് ഫാമിലി ഡൈനിങ് രൂപകല്‍പ്പന ചെയ്തത്. ഇവിടെ നിന്നാരംഭിക്കുന്ന വുഡ് സ്റ്റീല്‍ കോമ്പിനേഷനിലുള്ള ഗോവണി അക്ഷരാര്‍ത്ഥത്തില്‍ ഡിസൈന്‍ എലമെന്‍റായി മാറുന്നുണ്ട്. രണ്ടു ഡൈനിങ്ങുകളെയും കൂട്ടിയിണക്കുന്ന ഇടനാഴിയില്‍ നിന്നാണ് കിച്ചന്‍, വാഷ് ഏരിയ, കോമണ്‍ ടോയ്ലറ്റ് എന്നിവിടങ്ങളിലേക്ക് പ്രവേശനം. അടുക്കളയുടേയും പൊതു ശുചിമുറിയുടേയും സ്വകാര്യത ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇടനാഴി നിര്‍മ്മിച്ചത്. അടുക്കള ഒന്നേയുള്ളൂ. വര്‍ക്കേരിയയും ഇതിനനുബന്ധമായുണ്ട്. ഗ്ലോസിഫിനിഷ് ടൈലാണ് നിലമൊരുക്കാന്‍ പ്രധാനമായും ഉപയോഗിച്ചത്. മാറ്റ് ഫിനിഷ് ആന്‍റിക്ക് ടൈലാണ് അടുക്കളയിലെ ഫ്ളോറിങ് സാമഗ്രി. പരിപാലന സൗകര്യം മുന്‍നിര്‍ത്തി ഫാള്‍സ് സീലിങ് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. കസ്റ്റമൈസ്ഡ് ഡിസൈനനുസരിച്ച് പണിയിപ്പിച്ചെടുത്ത ഫര്‍ണിച്ചറാണ് എല്ലായിടത്തും വിന്യസിച്ചത്.

ഉപയുക്തതയ്ക്ക് പ്രാമുഖ്യം നല്‍കി ഇളംനിറങ്ങള്‍ ചാലിച്ചൊരുക്കിയ നാല് ബാത് അറ്റാച്ച്ഡ് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. പാരന്‍റ്സ് ബെഡ്റൂം ഒഴികെയുള്ള കിടപ്പുമുറികള്‍ മുകള്‍നിലയിലാണ് സ്ഥാനപ്പെടുത്തിയത്. മാസ്റ്റര്‍ ബെഡ്റൂമിനനുബന്ധമായുള്ള ശുചിമുറി സ്കൈലിറ്റായാണ് ഒരുക്കിയിരിക്കുന്നത്. കിഡ്സ് റൂമിനനുബന്ധമായി ബാല്‍ക്കണി നല്‍കിയത് വ്യത്യസ്തതയാണ്. മുക്കും മൂലയും തികഞ്ഞ സ്വാഭാവികതയോടെ ഒരുക്കി എന്നതാണ് ഈ നിര്‍മ്മിതിയുടെ ഏറ്റവും വലിയ സവിശേഷത. മഴവെള്ള സംഭരണി, പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്ത ഗേറ്റ്, ഓട്ടോമാറ്റിക്ക് സ്പ്രിങ്ക്ളര്‍ / ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം, ഓട്ടോമേറ്റഡ് എക്സ്റ്റീരിയര്‍ ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഈ വീട് സദാസമയവും സര്‍വെയിലന്‍സ് ക്യാമറയുടെ നിരീക്ഷണത്തിലാണ്.

Architect: : Ar. Krishna Chandran C.V

Arch-Espaco Architects Anjanam, EVRA-98, Elanjimoodu Lane Trivandrum - 695014.

Mob: 8129296624.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.