എറണാകുളത്തെ പഴയ റെയില്‍വേ സ്റ്റേഷന്‍: പുനരുജ്ജീവനത്തിനായി കാത്തിരിക്കുന്ന അവിസ്മരണീയ കവാടം
സ്മാരകങ്ങളുടെ പേരില്‍ ഓര്‍ക്കപ്പെടുന്ന പട്ടണങ്ങള്‍ പലപ്പോഴും, യാത്രകള്‍
ആരംഭിക്കുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റുമായാണ് രൂപപ്പെടാറുണ്ട്. എറണാകുളത്തെ
പഴയ റെയില്‍വേ സ്റ്റേഷനും അത്തരം ഒരു സ്ഥലമാണ്. പഴയ കൊച്ചി രാജ്യത്തെ
ആദ്യ റെയില്‍വേ സ്റ്റേഷന്‍ എന്ന നിലയില്‍, രാജഭരണ കാലത്തെ തുറമുഖനഗരത്തില്‍ നിന്ന് സമൃദ്ധമായ വാണിജ്യ ഇടം എന്ന നിലയിലേക്കുള്ള കൊച്ചിയുടെ വളര്‍ച്ചയ്ക്ക്
ഈ സ്റ്റേഷന്‍ സാക്ഷ്യം വഹിച്ചു. ഇവിടെ എത്തിച്ചേര്‍ന്ന ഓരോ ട്രെയിനും യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും പുറമേ, ആശയങ്ങളും അവസരങ്ങളും പില്‍ക്കാലത്ത് നഗരത്തിന്‍റെ
സ്വത്വത്തിന്‍റെ ഭാഗമായി മാറിയ കഥകളും കൂടി നഗരത്തിലേക്ക് കൊണ്ട് വന്നവയാണ്.
വാസ്തു കലാ മൂല്യത്തിനും അപ്പുറം പ്രാധാന്യം ഈ റെയില്‍വേ സ്റ്റേഷന് ഉണ്ട്. രാമവര്‍മ്മ
പതിനഞ്ചാമന്‍ മഹാരാജാവിന്‍റെ കാഴ്ചപ്പാടുകളും, റെയില്‍വേ ശൃംഖലയുടെ വ്യാപനവും,
മഹാത്മാഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ സന്ദര്‍ശനവും ഒക്കെയായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി ഓര്‍മ്മകളുടെ ശേഖരമാണ് ഇവിടം. പാരിസ്ഥിതിക പ്രാധാന്യമുള്ള
തണ്ണീര്‍ത്തടമായ മംഗള വനത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ പൈതൃക സമ്പത്ത് വ്യാവസായിക പൈതൃകവും, രാജകീയ ചരിത്രവും പ്രകൃതിദത്ത പരിസ്ഥിതിയുും സമന്വയിക്കുന്ന
അപൂര്‍വ നഗരഭൂപ്രകൃതിയാണ്.
പഴയകാല ശില്‍പ്പ ചാതുരിയുടെ പ്രതിഫലനം കൂടിയാണ് ഈ നിര്‍മിതിയുടെ വാസ്തു
ശൈലി. ചുണ്ണാമ്പു മിശ്രിതം കൊണ്ട് കൂട്ടിച്ചേര്‍ത്ത് ചെങ്കല്ലും ഇഷ്ടികയും, തടിമച്ചും, കളിമണ്ണില്‍ തീര്‍ത്ത മംഗലാപുരം ഓടുകളും, തടി കൊുള്ള ജനലുകളും വാതിലുകളും കൊളോണിയല്‍
ബിംബങ്ങള്‍ ഉള്‍പ്പെടുത്തിയ നിര്‍മ്മാണ രീതിയും ഈടുറ്റതും കാലാവസ്ഥ മാറ്റങ്ങളെ അതിജീവിക്കുന്നതുമാണ്. വര്‍ഷങ്ങളായി തുടരുന്ന അവഗണന ഒരു നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള
ഈ പരമ്പരാഗത നിര്‍മിതിയുടെ നിലനില്‍പ്പിന് ഭീഷണിയാണ്.
എറണാകുളത്തെ പഴയ റെയില്‍വേ സ്റ്റേഷന്‍റെ സംരക്ഷണം കേവലം ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പരിശ്രമം മാത്രമല്ല, മറിച്ച് കൊച്ചിയുടെ ഭാവിക്കുവേണ്ടിയുള്ള ഒരു നിക്ഷേപമാണ്.
സുചിന്തിതവും സമൂചിതവുമായ പുനരുപയോഗത്തിലൂടെ, ഈ നിര്‍മ്മിതിയെ ഒരിക്കല്‍ കൂടി പൈതൃക റെയില്‍വേ മ്യൂസിയം, സാംസ്കാരിക കേന്ദ്രം, പ്രദര്‍ശനവേദി, കൊച്ചിയുടെ ചരിത്രത്തിലേക്കുള്ള കവാടം
എന്നിങ്ങനെയൊക്കെ പ്രയോജനപ്പെടുത്താവുന്ന സജീവ പൊതു ഇടമായി മാറ്റാന്‍ കഴിയും. കൊച്ചി ബിനാലെ, പൈതൃക നടത്തം, ജലതീര വിനോദസഞ്ചാരം,
മംഗളവനം പക്ഷി സങ്കേതം എന്നിവയൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്ന ഈ സമുച്ചയത്തിന്,വിയറ്റ്നാമിലെ ട്രെയിന്‍ സ്ട്രീറ്റുകള്‍ പോലെ കൊച്ചിയിലെ ഏറ്റവും വിശേഷപ്പെട്ട സാംസ്കാരിക ടൂറിസം കേന്ദ്രമായി
വളരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.
ചില റെയില്‍വേ സ്റ്റേഷനുകള്‍ ഒരു നഗരത്തെ സേവിക്കുന്നത് ഒരിക്കലും അവസാ
നിപ്പിക്കാറില്ല. മറിച്ച് അവ അവയെ മറ്റൊരു രീതിയില്‍ പുനരുപയോഗിക്കാന്‍ ശേഷിയുള്ള വരും തലമുറയ്ക്കായി കാത്തിരിക്കും.
- ഡോ. വിഷ്ണു പി. പ്രകാശ്,
- കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്റ്റ്/ഗവേഷകന്‍/അസിസ്റ്റന്‍റ് പ്രൊഫസര്‍,
സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍,ക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേഴ്സിറ്റി),ബെംഗളൂരു.