Last Updated: March 29, 2026
വീടിന്‍റെ വരാന്തകളിലേക്ക് തിരിച്ചു പോകേണ്ട കാലമായി

ജനലോരത്തും വരാന്തയുടെ അരികിലും വാതില്‍ പടിയിലും ഒക്കെ ഇരുന്ന് മഴയുടെ വിവിധ ഭാവങ്ങളെ തൊട്ടറിഞ്ഞിരുന്ന നാളുകള്‍ നിങ്ങള്‍ക്ക് ഓർമ്മയുണ്ടോ? മഴപ്പെയ്ത്തിന്‍റെ താളവും പുതുമഴയേറ്റ ഭൂമിയുടെ ഗന്ധവും തണുത്ത കാറ്റും ദേഹത്ത് പതിക്കുന്ന മഴത്തുള്ളികളും ഒക്കെ ആസ്വദിക്കാനും ആഘോഷമാക്കാനും എല്ലാവര്‍ക്കും സമയമുണ്ടായിരുന്ന ആ പഴയ കാലം. മഴയത്ത് ഇറങ്ങി നടന്ന് നനഞ്ഞൊട്ടി വിദ്യാലയത്തിലിരിക്കുകയും തണുത്ത് വിറച്ച് വീട്ടിലെത്തുകയും ഒക്കെ ചെയ്തിരുന്ന ആ ദിനങ്ങള്‍......

നിര്‍ഭാഗ്യവശാല്‍, നമ്മുടെ കുട്ടികള്‍ക്ക് ഇന്ന് അതിനൊന്നും സമയമില്ല. ശീതീകരിച്ച വാഹനങ്ങളില്‍ ശീതീകരിച്ച ക്ലാസ് റൂമുകളിലേക്കും തിരികെ ശീതീകരിച്ച വീടുകളിലേക്കുള്ള യാത്രയ്ക്കിടയില്‍ അവര്‍ക്ക് അതിനെല്ലൊം എങ്ങനെ സമയമുണ്ടാകാനാണ്. ഓരോ കാലാവസ്ഥയും പൂര്‍ണ്ണതോതില്‍ അനുഭവിച്ചറിയാനുള്ള മനസ്സും സ്വന്തം നടുമുറ്റത്തും വരാന്തയിലും അതിനുള്ള സൗകര്യവും അന്ന് നമുക്കുണ്ടായിരുന്നു. നമ്മളെ സ്നേഹിക്കുകയും വഴക്കു പറയുകയും അലോസരപ്പെടുത്തുകയും ഒക്കെ ചെയ്തിരുന്ന ഒരു സുഹൃത്തായാണ് അന്നൊക്കെ നമ്മളില്‍ പലരും മഴയെ കണക്കാക്കിയിരുന്നത്. ആ നമ്മള്‍ എന്നുമുതലാണ് മഴയെയും വെയിലിനെയും കാറ്റിനെയും ഭയപ്പെടാന്‍ തുടങ്ങിയത്?

ശീതീകരിച്ച അകത്തളങ്ങളില്‍ നിന്ന് നമ്മള്‍ പാതയോരങ്ങളിലേക്ക് പുറന്തള്ളുന്ന ചൂടുവായു മൂലമുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വരുന്നത് തെരുവില്‍ കഴിച്ചു കൂട്ടാന്‍ വിധിക്കപ്പെട്ട സാധാരണക്കാരാണ്. കാറുകളിലുള്ള യാത്ര സുഗമമാക്കുന്നതിന് വേണ്ടി നമ്മള്‍ പാതകളില്‍ എല്ലാം ടൈല്‍ വിരിച്ചപ്പോള്‍ നടക്കുന്നതിന് വേണ്ടി കോടാനുകോടി വര്‍ഷങ്ങളിലൂടെ പരുവപ്പെട്ടതാണ് നമ്മുടെ ശരീരം എന്ന് നാം സൗകര്യപൂര്‍വ്വം വിസ്മരിച്ചു. ഇന്ന് നമ്മള്‍ പല ഇലക്ട്രോണിക് ഉപകരണങ്ങളും നല്‍കി രണ്ടു വയസ്സുള്ള കുഞ്ഞിനെ പോലും അടക്കിയിരുത്താറുണ്ട്. ഈ പ്രവൃത്തിയിലൂടെ മണ്ണില്‍ ഉരുണ്ട് പിരണ്ട് കളിക്കാനും ഓടി നടക്കാ നും ഒക്കെ അവര്‍ക്കുള്ള അവസരമാണ് നാം നഷ്ടപ്പെടുത്തുന്നത്. അങ്ങനെ പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം പറയേവര്‍ സ്ക്രീനുകളുടെ ചെറുവട്ടത്തില്‍ ഒതുങ്ങും. പട്ടണവാസി കള്‍ കൂടുതലും വീഴ്ചകളെ ഭയക്കുന്നവരാണ്. അവിടുത്തെ കുട്ടികള്‍ വളരാനും മുതിര്‍ ന്നവര്‍ ഒറ്റയ്ക്ക് ജീവിക്കാനും പേടിക്കുന്ന കാലമാണിത്. തെറ്റായ പ്രവണതകള്‍ തുടര്‍ന്നാല്‍ സ്വയം പ്രതിരോധിക്കാനുള്ള ശേഷിയും ഒഴിവ് നേരങ്ങളില്‍ ചൂട് ചായയും കുടിച്ച് വരാന്തയില്‍ ഇരിക്കാനുള്ള ആര്‍ജ്ജവവും ദിവസം ചെല്ലുന്തോറും നമുക്ക് നഷ്ടപ്പെടുമെന്ന് ചുരുക്കം.

കൂടുതല്‍ സമയവും വരാന്തയില്‍ കഴിച്ചുകൂട്ടിയിരുന്ന ആ മനോഹരകാലം അത്ര വിദൂരമല്ല - പലപ്പോഴും നമ്മള്‍ കളിച്ചിരുന്നതും ആഹാരം കഴിച്ചിരുന്നതും ഗൃഹപാഠം ചെയ്തിരുന്ന തും എന്തിനേറെ ഉറങ്ങിയിരുന്നത് പോലും അവിടെയായിരുന്നു. മഴപെയ്തപ്പോള്‍ മഴയുടെ ശബ്ദവും കാറ്റു വീശിയപ്പോള്‍ അതിന്‍റെ തലോടലും ഒക്കെ നമ്മള്‍ അനുഭവിച്ചറിഞ്ഞിരുന്നു. അത്തരം ഒരു ജീവിതം ഇന്ന് അസാധ്യമെന്ന് നാം കരുതുമ്പോള്‍, നമ്മുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാവുന്നത്. സങ്കല്‍പ്പിക്കാനാകാത്ത പ്രശ്നങ്ങളിലേക്കാണ് ഈ പ്രവണത നമ്മെ കൊണ്ടെത്തിക്കാൻ പോകുന്നത്. തെറ്റായ ശീലങ്ങളെല്ലാം മാറേണ്ട കാലമായി കഴിഞ്ഞു.

- ആര്‍ക്കിടെക്റ്റ് മൊണോലിത ചാറ്റര്‍ജി,

- പാര്‍ട്ണര്‍, ഡിസൈന്‍ കംബൈന്‍, കൊച്ചി,

- വിസിറ്റിങ് ഫാക്കല്‍റ്റി - കെ എം ഇ എ കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍, കൊച്ചി.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2025-2026 © Designer Publications Kerala Pvt.Ltd.. All Rights Reserved.