ഒരു ആര്‍ക്കിടെക്റ്റിനെ രൂപപ്പെടുത്തുന്ന സഹചാരികള്‍
ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍, ബാഹ്യമായ കൃത്രിമ മാര്‍ഗ്ഗങ്ങളെയൊന്നും
ആശ്രയിക്കാതെ പഠനത്തിലും സര്‍ഗാത്മക പ്രക്രിയയിലും പൂര്‍ണ്ണമായി
മുഴുകുന്നതിന് വേണ്ടി ഉണ്ടാക്കിയെടുക്കേണ്ട മൂന്ന് അത്യാവശ്യ ശീലങ്ങളെ ഞാന്‍
വിലമതിക്കുന്നുണ്ട്. സ്കെച്ചിങ്, വായന, യാത്ര എന്നിവയാണ് അവ. എന്‍റെ ആര്‍ക്കിടെക്ചറല്‍
യാത്രയില്‍ ഒഴിച്ചു കൂടാനാകാത്ത സഹചാരികളായി തീര്‍ന്നിട്ടുള്ളവയാണ് ഇവ മൂന്നും..
എന്നും എന്തെങ്കിലും സ്കെച്ച് ചെയ്യുന്ന ശീലം എനിക്കുണ്ട്. ആ ശീലമാണ് എന്തെങ്കിലും
വരയ്ക്കുന്നതിന് മുന്‍പ് അതിനെ കൃത്യമായി നിരീക്ഷിച്ചാലെ വ്യക്തമായി മനസ്സിലാക്കാന്‍
കഴിയൂ എന്ന് എന്നെ പഠിപ്പിച്ചത്. കണ്ണും കൈയും തലച്ചോറും തമ്മിലുള്ള ഏകോപനം
ആ വസ്തുവിന്‍റെ അനുപാതം, നിഴല്‍, അതുളവാക്കുന്ന അനുഭൂതി, മറ്റു വിശദാംശങ്ങള്‍
എന്നിവ കൃത്യമായി മനസ്സിലാക്കാന്‍ എന്നെ സഹായിക്കാറുണ്ട്. ഫോട്ടോകള്‍ പ്രയോജനപ്ര
ദമാണെങ്കിലും ഒരിക്കലും സ്കെച്ചിങ് നല്‍കുന്നത്ര വ്യക്തത അവ എനിക്ക് നല്‍കിയിട്ടില്ല.
ഫോട്ടോകള്‍ സൂക്ഷിച്ചു വെച്ചിട്ടുള്ള കാര്യം തന്നെ പലപ്പോഴും മറന്നു പോകാറുമുണ്ട്. എന്നാല്‍,
സ്കെച്ചിങ്ങിലൂടെ ഏതു സന്ദര്‍ഭവും കൃത്യമായി മനസ്സില്‍ പതിപ്പിക്കാനും ആഗ്രഹിക്കുമ്പോള്‍
ഒക്കെ വ്യക്തമായി ഓര്‍ത്തെടുക്കാനും എനിക്ക് കഴിയാറുണ്ട്.
വായനയാകട്ടെ, ഭാവനയെ കൂടുതല്‍ വിശാലമാക്കുന്നു. ചിന്തകരുടെയും ഡിസൈനര്‍മാരുടെയും
കാഴ്ചപ്പാടുകളൂടെ സഹായത്തോടെ സ്വന്തമായ പരിശീലന, ചിന്താപ്രക്രിയകള്‍ വികസിപ്പിച്ച്
എടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. മറ്റു സൃഷ്ടാക്കളുടെ സ്വകാര്യലോകങ്ങളിലേക്ക് പ്രവേശനം
അനുവദിക്കുന്നതിലൂടെ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാന കാലത്തേക്കുള്ള വാതിലുകളാണ്
പുസ്തകങ്ങള്‍ തുറന്നിടുന്നത്. വായന കാഴ്ചപ്പാടുകളെ സ്ഫുടം ചെയ്യുകയും തീരുമാനങ്ങളുടെ
മൂര്‍ച്ച കൂട്ടുകയും അന്വേഷണത്വര വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
യാത്രകള്‍ക്ക്, ഒരു പ്രൊഫഷണല്‍ എന്ന നിലയിലും, മനുഷ്യന്‍ എന്ന നിലയിലും എന്നില്‍
പല മാറ്റങ്ങളും വരുത്താന്‍ സാധിച്ചിട്ടുണ്ട്. ചിരപരിചിതമല്ലാത്ത ഭൂപ്രദേശങ്ങള്‍, സംസ്കാര
ങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം സുഖലോലുപതയും നിര്‍ബന്ധബുദ്ധിയും ഒഴിവാക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. യാത്രകള്‍ ഈ ലോകം അഭൗമം അല്ലെന്നും
നമ്മളെല്ലാം ജീവിക്കുന്ന ഒരു വലിയ വീടാണെന്നും എന്നെ ഓര്‍മ്മിപ്പിക്കാറുമുണ്ട്. യാത്രകള്‍
നമ്മെ എളിമയുള്ളവരാക്കും. മനുഷ്യരെന്ന നിലയ്ക്ക് നമ്മുടെ നിസ്സഹായതയും അവ
പുറത്തുകൊണ്ട് വരും, ഒരര്‍ത്ഥത്തില്‍ ആ നിസ്സഹായതയെ കുറിച്ചുള്ള ബോധ്യം കൂടുതല്‍
ഉത്തരവാദിത്വത്തോടെയും സഹാനുഭൂതിയോടെയും കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ എന്നെ
സഹായിക്കാറുണ്ട്.
കാഴ്ചകളെ സുവ്യക്തമാക്കാന്‍ സഹായിക്കുന്ന സ്കെച്ചിങ്, കതിനെ വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന വായന, അവയെ അനുഭവവേദ്യമാക്കുന്ന യാത്രകള്‍ എന്നിവ എല്ലാ
ആര്‍ക്കിടെക്റ്റുകളുടെയും സന്തതസഹചാരികളായിരിക്കണം. ഈ മൂന്ന് ശീലങ്ങളും ആര്‍ക്കിടെക്റ്റിന്‍റെ കണ്ണിനും മനസ്സിനും ഭാവനകള്‍ക്കും വ്യക്തമായ ദിശാബോധം നല്‍കുകയും വിശാലവും
വിസ്മയകരവുമായ ആര്‍ക്കിടെക്ചര്‍ ലോകത്തിന്‍റെ സാധ്യതകള്‍ അവര്‍ക്ക് മുന്നില്‍ തുറന്നിടു
കയും ചെയ്യും.
- ആര്‍ക്കിടെക്റ്റ് പ്രവീണ്‍ റാം,
- പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ്, ബഡോലോക, കോഴിക്കോട്