Last Updated: December 01, 2022
Contemporary / December 01, 2022
ദി സീക്രട്ട് ഗാര്‍ഡന്‍ ഹൗസ്
പ്രകൃതിയുടെ സ്വാഭാവികതയെ അകത്തളത്തിലേക്ക് കൊണ്ട് വന്നിരിക്കുന്നു, ദി സീക്രട്ട് ഗാര്‍ഡന്‍ ഹൗസ് എന്ന പ്രോജക്റ്റ്. ആര്‍ക്കിടെക്റ്റ് സുജിത്തിന്‍റെ സ്വന്തം വീടു തന്നെയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്

സ്വാഭാവിക നിറക്കൂട്ടും പരുക്കന്‍ പ്രതലങ്ങളും മിതത്വ ഘടകങ്ങളും, ലളിതമായ ഫിനിഷുകളും ചേരുന്ന, ബ്ലാക്കൗട്ട് അന്തരീക്ഷം. ഒപ്പം പ്രകൃതിയും പച്ചപ്പും കൂടിക്കലരുന്ന സമൃദ്ധിയുടെ അകൃത്രിമമായ അനുഭൂതിയും. നാച്വറലായൊരു കന്‍റംപ്രറി രൂപകല്‍പ്പനയുടെ മികവും മിഴിവും സംഗമിക്കുന്ന അതീവ ഹൃദ്യമായൊരു നിര്‍മ്മിതിയെന്ന് വിശേഷിപ്പിക്കാം, ദി സീക്രട്ട് ഗാര്‍ഡന്‍ ഹൗസ് എന്നു പേരിട്ടിരിക്കുന്ന ഈ വീടിനെ. പേരിനോട് നൂറു ശതമാനവും നീതി പുലര്‍ത്തുന്ന നിര്‍മ്മിതി കൂടിയാണിത്. ലാളിത്യവും മിതത്വവും ഒപ്പം പച്ചപ്പും സംഗമിക്കുന്ന, കെട്ടുകാഴ്ചകളില്ലാത്ത, സുഖമുള്ള വീട്. ഈ വീടിന്‍റെ ശില്‍പ്പിയും ഉടമയും ആര്‍ക്കിടെക്റ്റ് സുജിത്ത് ജി എസ് (മൊണാസ്റ്ററി ഓഫ് ആര്‍ക്കിടെക്ചര്‍, കോഴിക്കോട്) ആണ്. ഇവിടെ ഡിസൈനറും ഉടമയും ഒരാളായതു കൊണ്ടു തന്നെ രൂപകല്‍പ്പനയിലെ സ്വാതന്ത്ര്യവും വാസ്തുപരമായ ധാര്‍മ്മികതയുമെല്ലാം നടപ്പിലാക്കുകയെന്നത് താരതമ്യേന എളുപ്പമായിരുന്നു. അതിന്‍റെ പ്രതിഫലനം ഈ വീടിന്‍റെ ഓരോ കണികയിലും ദൃശ്യവുമാണ്. .

നല്ല വെളിച്ചവും കാറ്റും നിറയുന്ന, പച്ചപ്പു കൊണ്ട് ചുറ്റപ്പെട്ട, ഒരു വീട്. പ്രകൃതിയോടിണങ്ങി വേണം, നമ്മുടെ കുട്ടികള്‍ വളരാന്‍. ആര്‍ക്കിടെക്റ്റിന്‍റെയും ഭാര്യയുടെയും ഈ ചിന്തയില്‍ നിന്നാണ് വീടിന്‍റെ മൊത്തം രൂപരേഖയും ഉരുത്തിരിഞ്ഞത്. അതു കൊണ്ടു തന്നെ പ്രകൃതിയിലേക്കു തുറക്കുന്ന സ്പേസുകള്‍ ചേര്‍ത്തു വെച്ചൊരുക്കിയൊരു പാര്‍പ്പിടമാണിത്. വന്‍ മരങ്ങളും ചെടികളുമെല്ലാം നിറഞ്ഞ പ്ലോട്ടിന്‍റെ സ്വാഭാവത്തിനുസരിച്ച് സാന്ദര്‍ഭികമായി രൂപം കൊള്ളുകയായിരുന്നു, വീടിന്‍റെ ഡിസൈന്‍. പ്രധാന റോഡില്‍ 2.7 മീറ്ററോളം താഴേക്ക് ചെരിഞ്ഞതായിരുന്നു പ്ലോട്ടിന്‍റെ ഒരു ഭാഗം. ഈ ഭാഗം കെട്ടിപ്പൊക്കി റോഡ് നിരപ്പിലേക്ക് ഉയര്‍ത്തുന്നതിന് പകരം, ലെവല്‍ വ്യത്യാസത്തെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു. ഈ ഭാഗത്തു നിന്ന് എടുത്ത മണ്ണ് മുന്‍വശത്ത് മുറ്റമൊരുക്കാന്‍ ഉപയോഗിച്ചു. അതു കൊണ്ട് തന്നെ അപ്പര്‍ ലെവലിലേക്കാണ് മെയിന്‍ എന്‍ട്രി വരുന്നത്. താഴത്തെ നിലയില്‍ ഒളിഞ്ഞിരിക്കുന്ന മനോഹരമായ ഹരിതഭംഗിയാണ് പ്രോജക്റ്റിന്‍റെ പേരിലേക്ക് നയിച്ച സീക്രട്ട് ഗാര്‍ഡന്‍. എല്ലായിടങ്ങളില്‍ നിന്നും പച്ചപ്പിന്‍റെ കാഴ്ച സാധ്യമാകുന്ന വിധമാണ്, സ്പേസുകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വലിയ ഓപ്പണിങ്ങുകള്‍, ഇടങ്ങള്‍ക്കിടയില്‍ സുതാര്യത നിറയ്ക്കുകയും അകം - പുറം എന്ന അതിര്‍ത്തിയെ അപ്രസക്തമാക്കുകയും ചെയ്യുന്നു. ആവശ്യത്തിനു തണലുകളും നിഴലുകളുമെല്ലാം ചേര്‍ന്നതിനാല്‍ ദിനം മുഴുവന്‍ സ്വാസ്ഥ്യപൂര്‍ണമായ അന്തരീക്ഷം അകത്തും പുറത്തും നിലനിര്‍ത്താനും കഴിഞ്ഞു.

കിഴക്കു ഭാഗത്തുള്ള സിറ്റൗട്ടാണ് ഈ വീട്ടിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു സ്പേസ്. മേലാപ്പില്‍ മാത്രം ലളിതമായൊരു റൂഫ് നല്‍കി, നാലു ഭാഗവും തുറന്നിട്ടിരിക്കുകയാണ് ഈ സിറ്റൗട്ട്. ലാന്‍ഡ്സ്കേപ്പിന്‍റെ പച്ചപ്പ് നന്നായി ആസ്വദിക്കാവുന്ന ഇടമാണ് ഇവിടം. അതോടൊപ്പം അരിച്ചിറങ്ങുന്ന തീവ്രതയില്ലാത്ത സൂര്യവെളിച്ചം സൃഷ്ടിക്കുന്ന അന്തരീക്ഷം കൂടിയാകുമ്പോള്‍ പത്രപാരായണവും മറ്റും സുഖകരവുമാകുന്നു. ഇഷ്ടത്തിനനുസരിച്ച് ഇരിക്കാന്‍ പറ്റുന്ന വീതി കൂടിയൊരു ബില്‍റ്റ് ഇന്‍ ചാരുപടിയും ഇവിടെയുണ്ട്. സദാ നേരവും കാറ്റിന്‍റെ തഴുകല്‍ ഉള്ളതു കൊണ്ട് തന്നെ, ഇവിടെയിരുന്നാല്‍ ഫാനിന്‍റെ ആവശ്യവും വരുന്നില്ല. അകത്തേക്ക് കടന്നിരിക്കാന്‍ താല്‍പര്യമില്ലാത്ത അതിഥികളും മറ്റും വന്നാല്‍ ഫോര്‍മല്‍ ലിവിങ് ഏരിയയായും ഈ സ്പേസിനെ ഉപയോഗപ്പെടുത്താം. ലിവിങ് - ഡൈനിങ് ഏരിയകള്‍ വിഭജനമില്ലാത്ത ഒറ്റ സ്പേസാണ്. പിന്നില്‍ സുതാര്യമായൊരു ഗോവണിയുമുണ്ട്. ഇവിടെ നിന്ന് ലാന്‍ഡ്സ്കേപ്പിന്‍റെ മനോഹര കാഴ്ച തന്നെയാണുള്ളത്. ഒരു വശത്തുള്ള ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാലും ഗാര്‍ഡന്‍ കൂടുതല്‍ നന്നായി ആസ്വദിക്കാം. സൂര്യപ്രകാശത്തിന്‍റെ തീവ്രതയില്‍ നിന്നും മഴയില്‍ നിന്നും മറ ഒരുക്കുന്ന ഒരു ബഫര്‍ സോണ്‍ ആയി ഈ ഉദ്യാനം മാറുന്നുണ്ട്. സെമി കവേര്‍ഡ് ഫാമിലി ലിവിങ്: സീക്രട്ട് ഗാര്‍ഡന്‍റെ ഹരിതാഭമായ അനുഭവം, പൂര്‍ണമായും ആസ്വദിക്കാവുന്ന വിധത്തിലാണ് ലോവര്‍ ലെവലിലെ ഫാമിലി ലിവിങ് രൂപപ്പെടുത്തിയത്. താന്തൂര്‍ സ്റ്റോണ്‍ പാളികള്‍ മുറ്റത്ത് പതിച്ചിരിക്കുന്നു. റബിള്‍ ഭിത്തികള്‍ ഇവിടുത്തെ പൊതുവെയുള്ള രൂപകല്‍പ്പനയിലും അന്തരീക്ഷത്തിലും ഏറ്റവും അനുയോജ്യം തന്നെയാണ്. വീടിന്‍റെ ഏതു ഭാഗത്തു നിന്ന് നോക്കുമ്പോളും സീക്രട്ട് ഗാര്‍ഡന്‍റെ ഹൃദ്യമായ കാഴ്ച കൊണ്ടു വരാനായത് നിര്‍മ്മിതിയെ ഏറെ മനോഹരമാക്കുന്നു.

ലോവര്‍ ലെവലിലാണ് മാസ്റ്റര്‍ ബെഡ്റൂം. ഇവിടെ നിന്നും നോക്കുമ്പോഴും പൂന്തോട്ടത്തിന്‍റെ ഭംഗിയ്ക്ക് യാതൊരു കുറവുമില്ല. ഇതോടു ചേര്‍ന്നുള്ള ടോയ്ലറ്റ് ഒരു ഓപ്പണ്‍ സ്കൈ കോര്‍ട്ട്യാര്‍ഡ് ആണെന്ന പ്രത്യേകതയുമുണ്ട്. സ്വാഭാവിക വെളിച്ചവും ഓപ്പണ്‍ ഷവര്‍ അനുഭവവും ഇവിടെയുണ്ട്. ലോവര്‍ ലെവലിലുള്ള പ്രൈവറ്റ് ലിവിങ്, സീക്രട്ട് ഗാര്‍ഡന്‍റെ ഭാഗം തന്നെയായി കണകാക്കാം. പുസ്തകവായനയ്ക്കും സുഹൃത്തുകള്‍ക്കൊപ്പം ചെലവഴിക്കാനും വെറുതെ മഴ നോക്കിയിരിക്കാനുമെല്ലാം ഈ ഇടം ഉപയോഗിക്കാം. കുട പോലെ മരങ്ങള്‍ തണല്‍വിരിക്കുന്ന ടെറസ് പ്രകൃതിയുടെ അസാധാരണമായൊരു സീലിങ് വര്‍ക്ക് പോലെ രൂപാന്തരപ്പെടുന്നു. വന്‍ മരങ്ങളുടെ കവചം ഉള്ളതു കൊണ്ട് തന്നെ ഉയരം കൂടിയൊരു സ്പേസ് പോലെയാണ് ഇവിടം അനുഭവപ്പെടുക. ഇങ്ങനെ നോക്കിയാല്‍ ടെറസ് ഏരിയ പോലും പകരുന്നത് വളരെ ഹൃദ്യമായൊരു ആംപിയന്‍സാണെന്നു കാണാം. ഉച്ചകഴിഞ്ഞുള്ള ഏതാനും മണിക്കൂറുകളൊഴികെ, എല്ലാ സമയത്തും ടെറസില്‍ നിഴലും തണലും വിരിച്ചു നില്‍ക്കുന്നു, ഇവിടുത്തെ വന്‍ മരങ്ങള്‍. ഇതിനാല്‍ തന്നെ, അകത്തളത്തില്‍ ചൂട് നന്നായി കുറഞ്ഞു. പൂര്‍ണമായും ബില്‍റ്റ് ഇന്‍ ഫര്‍ണിച്ചറാണ് ഇന്‍റീരിയറില്‍ ക്രമീകരിച്ചിരിക്കുന്നത്. പൊതുവെയുള്ള റസ്റ്റിക്ക് ഫിനിഷുകള്‍ക്കിടെ ഹൈലൈറ്റ് എന്ന രീതിയില്‍ വരുന്നത് ഫര്‍ണിഷിങ്ങിലെ ഫാബ്രിക്കിന്‍റെ കടുത്ത നിറക്കൂട്ടാണ്. ഒട്ടും പൊലിമ തോന്നാത്ത മെറ്റീരിയലുകളുടെ സങ്കലനമാണ് ഈ വീട്. എക്സ്പോസ്ഡ് ഉച്ചകഴിഞ്ഞുള്ള ഏതാനും മണിക്കൂറുകളൊഴികെ, എല്ലാ സമയത്തും ടെറസില്‍ നിഴലും തണലും വിരിച്ചു നില്‍ക്കുന്നു, ഇവിടുത്തെ വന്‍ മരങ്ങള്‍. ഇതിനാല്‍ തന്നെ, അകത്തളത്തില്‍ ചൂട് നന്നായി കുറഞ്ഞു റബിള്‍ ഭിത്തികള്‍, കോണ്‍ക്രീറ്റ് സ്ലാബുകള്‍, പ്ലാസ്റ്റര്‍ ചെയ്യാത്ത സിമന്‍റ് ബ്ലോക്ക് ഭിത്തികള്‍, നാച്വറല്‍ സ്റ്റോണ്‍ ഫ്ളോറിങ്, ഗ്ലാസ്, സ്റ്റീല്‍ ഇവയ്ക്കൊപ്പം പച്ചപ്പിന്‍റെ വിന്യാസങ്ങളും. ഒരോ മെറ്റീരിയലിന്‍റെയും സ്വാഭാവിക ഭംഗി പുറത്തു കൊണ്ട് വരാനാണ് ഇവിടെ ആര്‍ക്കിടെക്റ്റ് ശ്രമിച്ചത്. അനാവശ്യമായി ഡ്രസിങ്ങും പ്ലാസ്റ്ററിങ്ങും ചെയ്ത്, ആ സ്വാഭാവികതയെ മൂടി കളഞ്ഞില്ല. സമകാലീനമായിരിക്കുമ്പോള്‍ തന്നെ പരുക്കനായിരിക്കുന്നതിന്‍റെ സൗന്ദര്യം അനാവരണം ചെയ്യുന്നു ഈ വീടിന്‍റെ ഓരോ കണികയിലും. വളരെ കുറച്ചു മാത്രമാണ്, തടിത്തരങ്ങള്‍ ഉപയോഗിച്ചത്. അതില്‍ തന്നെ ഏറെയും പുനരുപയോഗിക്കുകയായിരുന്നു. ഇന്‍റീരിയറിലെ ഡീറ്റെയ്ലുകളും ആക്സസറികളുമെല്ലാം പല യാത്രകളില്‍ നിന്നുള്ള ശേഖരങ്ങളാണ്. അവയ്ക്ക് ഓരോന്നിനും ഓരോ കഥയുണ്ട്. ഈ കഥയെല്ലാം സീക്രട്ട് ഗാര്‍ഡന്‍ ഹൗസിലെ താമസക്കാരുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്.

Architect / Owner : Ar. Sujith.G.S

Monastery of Architecture, Kovoor, Calicut

ഏരിയ / Area:2250 Sq. Ft.

പ്ലോട്ട് / Plot: 8 Cent

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.