സമകാലികചാരുതയോടെ
"പരിപാലനസൗകര്യം മുന്‍നിര്‍ത്തി സമകാലിക ശൈലിയിലൊരുക്കിയ വീട് "
അനായാസം പരിപാലിക്കത്തക്ക വിധം സമകാലികശൈലിയിലൊരുക്കിയ ഈ വീട് വൃക്ഷനിബിഡമായ പ്ലോട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ടാണ് വീടിന്‍റെ ദര്‍ശനം. റോഡ് ലെവലില്‍ നിന്ന് എഴുപത് സെന്‍റിമീറ്ററോളം താഴ്ന്നു കിടന്ന പ്ലോട്ട് മണ്ണിട്ട് പൊക്കിയാണ് ഈ ഇരുനില വീട് പണിതിരിക്കുന്നത്. സമകാലികശൈലിക്കിണങ്ങും വിധം തുറസ്സായ നയത്തിലാണ് ചുറ്റുമതില്‍. ഇവിടുത്തെ രണ്ട് ഗേറ്റുകളും എച്ച്പിഎല്‍ പാനലും ജിഐ പൈപ്പും കൊണ്ട് കസ്റ്റമൈസ് ചെയ്തെടുത്തവയാണ്. വീടിനകത്തും പുറത്തും ഐവറി ബ്രൗണ്‍ നിറങ്ങള്‍ക്കാണ് പ്രാമുഖ്യം.
ഡിസൈനറായ സല്‍മാനുല്‍ ഫാരിസ് ടി.കെ (ഇന്‍സ്പേസ് ഡിസൈനേഴ്സ് & എഞ്ചിനീയേഴ്സ്) ആണ് തന്‍റെ സഹോദരിക്കും കുടുംബത്തിനും വേണ്ടി ഈ വീടൊരുക്കിയത്. പ്രവാസിയായ ഷമീറാണ് ഇവിടുത്തെ ഗൃഹനാഥന്‍. വിശാലവും ശുദ്ധവായുവും സൂര്യപ്രകാശവും സമൃദ്ധമായി കടന്നു വരുന്നതുമായ നാല് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകളുള്ള ഇരുനില വീട് എന്ന ആവശ്യമായിരുന്നു അദ്ദേഹം ഡിസൈനര്‍ക്കു മുന്‍പില്‍ വച്ചത്. സമകാലികശൈലിക്കിണങ്ങുന്ന ബോക്സ് മാതൃകകളാണ് വീടിന്‍റെ പുറംകാഴ്ചയില്‍ എടുത്തു നില്‍ക്കുന്നത്. ഡൈനിങ്ങിനെ പ്രകാശമാനമാക്കുന്ന ഡബിള്‍ഹൈറ്റ് ഫിക്സ്ഡ് ഗ്ലാസ് വിന്‍ഡോയും ബാല്‍ക്കണിയുടെ ഭിത്തിയിലെ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങും മുകള്‍ നിലയുടെ സ്വകാര്യത ഉറപ്പാക്കാനായി സ്ഥാപിച്ച നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത പില്ലറും എലിവേഷനിലെ ഡിസൈന്‍ എലമെന്‍റുകളായി മാറുന്നുണ്ട്. ടെക്സ്ചര്‍ പെയിന്‍റ് ചെയ്ത് പൂമുഖത്തിന്‍റെ വശത്തെ ഭിത്തിയും നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത് പാഷ്യോയുടെ വശത്തെ ഭിത്തിയും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പ്രകൃതിദത്ത കല്ലുകള്‍ പാകി പുല്ലു പിടിപ്പിച്ചാണ് മുറ്റം ഭംഗിയാക്കിയത്. പൂമുഖത്തിന്‍റെ വശത്താണ് ജിഐ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച് വുഡന്‍ ഫിനിഷ് നല്‍കിയ കാര്‍പോര്‍ച്ചിന്‍റെ സ്ഥാനം.
"ഡബിള്‍ഹൈറ്റിലൊരുക്കിയ പൊതുഇടങ്ങള്‍ തുറസ്സായ നയമാണ് പിന്തുടരുന്നത് "
വീടിന്‍റെ പ്രൗഢിയേറ്റുന്നതിന് വേണ്ടിയാണ് പൂമുഖവാതില്‍ ഡബിള്‍ഹൈറ്റിലാക്കിയത്. പൂമുഖവാതില്‍ തുറക്കുന്വോഴേ കാണത്തക്ക വിധം സ്റ്റെയര്‍ ഏരിയ ക്രമീകരിച്ചത് വ്യത്യസ്തതയാണ്. പൂമുഖത്തു കൂടിയെന്ന പോലെ ലിവിങ് കം ഡൈനിങ്ങിനനുബന്ധമായുള്ള പാഷ്യോയിലൂടെയും അകത്തളത്തിലേക്ക് പ്രവേശിക്കാം. തൊട്ടടുത്തുള്ള തറവാട്ടിലേക്ക് നോട്ടമെത്തും വിധമാണ് പാഷ്യോ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഡബിള്‍ഹൈറ്റിലൊരുക്കിയ പൊതുഇടങ്ങള്‍ തുറസ്സായ നയമാണ് പിന്തുടരുന്നത്. അകത്തളം അതീവ വിശാലമായിരിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഇവ തുറസ്സായ നയത്തിലാക്കിയത്. അടുക്കളയ്ക്കനുബന്ധമായി ഫാമിലി ഡൈനിങ് ക്രമീകരിച്ചത് എടുത്തു പറയത്തക്കതാണ്. രണ്ട് ഡൈനിങ്ങുകള്‍ക്കുമിടയിലാണ് മാസ്റ്റര്‍ ബെഡ്റൂമിന്‍റെ സ്ഥാനം.
പൂമുഖത്ത് ലപ്പോത്ര ഗ്രനൈറ്റും മറ്റിടങ്ങളില്‍ ഗ്ലോസി ഫിനിഷ് മാര്‍ബിളുമാണ് ഫ്ളോറിങ്ങിനുപയോഗിച്ചത്. സൂര്യപ്രകാശത്തെ പരമാവധി അകത്തേക്കാനയിക്കുന്നതിന് വേണ്ടിയാണ് ഡബിള്‍ ഹൈറ്റ് ഡൈനിങ്ങില്‍ മുഴുനീള ജനാല നല്‍കി ടഫന്‍ഡ് ഗ്ലാസിട്ടത്. കിടപ്പുമുറികളുടെയെല്ലാം ഹെഡ്സൈഡ് വാളുകളില്‍ ജനാലകള്‍ ഉള്‍പ്പെടുത്തിയതും ഇതേ ഉദ്ദേശ്യത്തോടെയാണ്. വ്യത്യസ്ത തീമുകളിലൊരുക്കിയ നാല് ബാത് അറ്റാച്ച്ഡ് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. കസ്റ്റമൈസ്ഡ് സിലിണ്ട്രിക്കല്‍ ലൈറ്റുകളാണ് അകത്തളത്തെ പ്രകാശമാനമാക്കുന്നത്. അമിതാഡംബരത്തിന്‍റെ കെട്ടുകാഴ്ചകളല്ല ന്യൂട്രല്‍ നിറങ്ങളുടെ ചാരുതയും മിതത്വത്തിന്‍റെ അനുപമസൗന്ദര്യവുമാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്.
Designer :Salmanul Faris T. K.
Address : Inspace Designers & Engineers
Phone :+91 9656477129
Owner :Shameer
ലൊക്കേഷന്‍ / Location: Pulikkal, Malappuram.
പ്ലോട്ട് / Plot: 11 Cent.