" ആധുനിക ശൈലിയുടെ ഫീച്ചറുകള്‍ ലാളിത്യത്തോടെ ഇണക്കി ചേര്‍ത്തിരിക്കുന്ന വീട് "
ഇരുന്നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ഈ വീട് മാനവചരിത്രത്തിലെ നാഴികക്കല്ലുകളായ പല സംഭവങ്ങള്‍ക്കും പല ജീവിതമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. ഈ പൈതൃക ഭവനത്തിന് അതാതു കാലഘട്ടങ്ങളിലെ അന്തേവാസികളുടെ ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കും അനുസൃതമായി പല അവസ്ഥാന്തരങ്ങളും സംഭവിച്ചിട്ടുമുണ്ട്. ഈ അവസ്ഥാന്തരങ്ങള്‍ക്കിടയിലും പഴമയുടെ ഗരിമയും അന്ത:സത്തയും സുസ്ഥിരമായി കാത്തുസൂക്ഷിക്കാനായി എന്നതാണ് ഈ നിര്‍മ്മിതിയുടെ മേന്മ. പലകാലഘട്ടങ്ങളിലെ ശില്‍പ്പികളുടെ കരസ്പര്‍ശമേറ്റ ഈ വീട് പൗരാണിക വാസ്തുശൈലിയുടെ പ്രൗഢി വിളിച്ചോതുന്ന ഒന്നാണ്. തിരക്കേറിയ ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ പല മാറ്റങ്ങളും വീട്ടുടമ കൂടിയായ ആര്‍ക്കിടെക്റ്റും അദ്ദേഹത്തിന്‍റെ പാര്‍ട്ട്ണറുംചേര്‍ന്ന് ഈ വീട്ടില്‍ വരുത്തിയിട്ടുണ്ട്. വീടിന്‍റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലുള്ള കവാടങ്ങള്‍ ഹരിതാഭമായ ബാഹ്യപ്രകൃതിയിലേക്കാണ് മിഴി തുറക്കുന്നത്. രണ്ടിടത്തും കസ്റ്റമൈസ്ഡ് സ്ലൈഡിങ് ഡോര്‍ സ്ഥാപിച്ചത് എടുത്തു പറയത്തക്കതാണ്. വീടിന്‍റെ ഓടിട്ട പഴയ മേല്‍ക്കൂര കേടുപാടുകള്‍ തീര്‍ത്ത് പുതുക്കിയെടുക്കുകയായിരുന്നു.
അനാവശ്യചുമരുകള്‍ പൊളിച്ചു നീക്കിയപ്പോള്‍ വായുസഞ്ചാരം കൂടുതല്‍ സുഗമമായി. പഴമയുടെ തിരുശേഷിപ്പുകള്‍ വര്‍ത്തമാനകാലത്ത് കൂടുതല്‍ സൗന്ദര്യാത്മകമായിട്ടുണ്ട്. പലകാലങ്ങളില്‍ ചെയ്ത പ്ലാസ്റ്ററിങ്ങുകള്‍ പൊളിച്ചു നീക്കി ചുമരുകളെ പൂര്‍ണ്ണമായും എക്സ്പോസ് ചെയ്തത് ശ്രദ്ധേയമാണ്. വിവിധ ലെയറുകള്‍ പൊളിച്ചു നീക്കിയപ്പോഴാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമരിന്‍റെ യഥാര്‍ത്ഥ സൗന്ദര്യം വെളിവായത്. ഇരുട്ടുകുത്തിയതും മതിയായ വായുസഞ്ചാരമില്ലാത്തതുമായ കുടുസ്സുമുറികള്‍ പഴയകാല കേരളീയ ഭവനങ്ങളില്‍ സര്‍വ്വസാധാരണമായിരുന്നു. അത്തരം മുറികളിലെ ഉപയോഗശൂന്യമായ ജനാലകള്‍ എടുത്തു മാറ്റുകയും അനാവശ്യ തുറസ്സുകള്‍ അടയ്ക്കുകയും ആവശ്യമില്ലാത്ത ചുമരുകള്‍ പൊളിച്ചു നീക്കുകയും ചെയ്തപ്പോള്‍ അകത്തളം കൂടുതല്‍ പ്രകാശമാനമായി. ഗൃഹോപകരണങ്ങള്‍ ചെറുതായി പുനര്‍വിന്യസിച്ചപ്പോള്‍ തന്നെ വീടിന്‍റെ മുഖഛായ മാറി. ഇവിടെ മുമ്പുണ്ടായിരുന്ന റെഡ് ഓക്സൈഡ് ഫ്ളോറിങ് നവീകരണത്തിന്‍റെ ഭാഗമായി മിനുക്കിയെടുത്തതിനൊപ്പം മുകള്‍നിലയില്‍ പുതുതായി നിര്‍മ്മിച്ച കിടപ്പുമുറിയില്‍ സിമന്‍റ് ഫ്ളോറിങ്ങും ചെയ്തു. പുതുതായി പ്ലാസ്റ്ററിങ് ചെയ്ത അകംചുമരുകള്‍ക്ക് എക്സ്പോസ്ഡ് സിമന്‍റ് ഫിനിഷ് നല്‍കിയപ്പോള്‍ അകത്തളത്തിന്‍റെ ആംപിയന്‍സ് ഇരട്ടിച്ചിട്ടുണ്ട്. മച്ച് വായനയ്ക്കും മറ്റ് വിനോദോപാധികള്‍ക്കുമായാണ് നീക്കി വച്ചത്. ഇടനാഴികളെ ലൈബ്രറികളായും പ്രാര്‍ത്ഥനാമുറിയെ വിശ്രമ സങ്കേതമായും മാറ്റിയതിനൊപ്പം ഊണുമുറിയെ തുറസ്സായ നയം പിന്തുടരുന്ന അടുക്കളയായും രൂപാന്തരപ്പെടുത്തി. വീടിന്‍റെ മുകള്‍നില കിടപ്പുമുറികള്‍ക്കായാണ് നീക്കി വച്ചത്.
മേല്‍ക്കൂരയുള്ളതും ഉപയോഗശൂന്യമായി കിടന്നിരുന്നതുമായ ടെറസിലാണ് വീട്ടുടമയായ ആര്‍ക്കിടെക്റ്റ് സ്വന്തം മുറി ക്രമീകരിച്ചത്. ജോലിക്കും പാചകത്തിനും ഉറക്കത്തിനുമെന്നതു പോലെ വിനോദത്തിനും കൂടി പ്രയോജനപ്പെടുത്തത്തക്ക വിധം വിവിധോദ്ദേശ്യപരമായ ഒരുക്കങ്ങളാണ് ഈ മുറിയിലുള്ളത്. വീടിന്‍റെ പഴയ മേല്‍ക്കൂരയിലുണ്ടായിരുന്ന പട്ടികകളാണ് ഫാള്‍സ് സീലിങ്ങിനുപയോഗിച്ചത്. മെസനിന്‍ ഫ്ളോര്‍ ഉള്‍പ്പെടുത്തി ഡബിള്‍ ഹൈറ്റില്‍ ഒരുക്കിയ ഈ കിടപ്പുമുറിയില്‍ ഫുള്‍ ഗ്ലേസ്ഡ് സ്ലൈഡിങ് ഡോറുകള്‍ സ്ഥാപിച്ചതിനൊപ്പം ഉപയോഗശൂന്യമായി കിടന്നിരുന്ന സണ്‍ഷേഡുകളെ അങ്ങേയറ്റം ക്രിയാത്മകമായ ബാല്‍ക്കണികളായും പരിവര്‍ത്തിപ്പിച്ചു. പഴയ ചട്ടക്കൂട് നിലനിര്‍ത്തിക്കൊണ്ട് നടത്തിയ പുനര്‍നിര്‍മ്മാണം വാസ്തുകലയുടെ മാനുഷിക മുഖമാണ് വെളിവാക്കുന്നത്. വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കിയതിനൊപ്പം പുനരുപയോഗ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി തികച്ചും സുസ്ഥിരമായി നടപ്പാക്കിയ നവീകരണം അങ്ങേയറ്റം പ്രശംസനീയമാണ്. ആവശ്യമായ പുന:ക്രമീകരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വീട് ആധുനിക കാലഘട്ടത്തിന് തികച്ചും അനുയോജ്യമായി മാറി.
Architect :ആര്‍ക്കിടെക്റ്റ് സച്ചിന്‍രാജ് & ആര്‍ക്കിടെക്റ്റ് ആനന്ദ് പി (Ar. Sachin Raj & Ar.Anand. P)