Last Updated: September 04, 2022
Dream Home / September 04, 2022

സമകാലിക പ്രൗഢിയോടെ..

പ്രവാസി ഐടി പ്രൊഫഷണലുകളായ സാജിദ് ബിന്‍ അബ്ദുള്‍ മജീദിനും അഷിതയ്ക്കും വേണ്ടി സമകാലിക ശൈലിയിലൂന്നി ഒരുക്കിയ വീടാണിത്. രണ്ട് മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരാണ് ഇവരെ കൂടാതെ ഹയാത്ത് എന്ന് പേരിട്ട ഈ വീട്ടിലുള്ളത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിനടുത്ത് വെടിമറയിലാണ് ആര്‍ക്കിടെക്റ്റ് കരോളിന്‍ സേവ്യറും ഡിസൈനര്‍ സേവ്യര്‍ ആലുങ്കലും (ആക്റ്റീവ് ഡിസൈന്‍സ്, കൊച്ചി) രൂപകല്‍പ്പന ചെയ്ത ഈ ഭവനം സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിലെങ്കിലും വീതി കുറഞ്ഞ ഒന്‍പത് സെന്‍റ് പ്ലോട്ടായി രുന്നു ഇത്. വീട്ടുടമസ്ഥരുടെ അഭിരുചിക്കിണങ്ങും വിധം ബ്ലാക്ക് ബ്രൗണ്‍ നിറങ്ങള്‍ ഇഴ ചേര്‍ത്താണ് വീടിനകവും പുറവും ചുറ്റുമതിലും ഒരുക്കിയത്.

ലാന്‍ഡ്സ്കേപ്പിങ് സാദ്ധ്യതകള്‍ പരിമിതമായിരുന്നു. മുന്‍മുറ്റത്ത് പേവിങ് ടൈലാണ് പാകിയത്. ടെക്സ്ചര്‍ പെയിന്‍റ്, നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്, ജിഐ റാഫ്റ്ററുകള്‍ എന്നിവയാണ് എലിവേഷനിലെ ഡിസൈന്‍ എലമെന്‍റുകള്‍. സീലിങ്ങില്‍ സ്പോട്ട്ലൈറ്റിട്ടതും എടുത്തു പറയത്തക്കതാണ്. ജിഐ റാഫ്റ്ററുകള്‍ക്ക് മുകളില്‍ ടഫന്‍ഡ് ഗ്ലാസിട്ടാണ് ബാല്‍ക്കണി ഹൈലൈറ്റ് ചെയ്തത്. ജിംനേഷ്യം, ഇന്‍റേണല്‍ കോര്‍ട്ട്യാര്‍ഡ്, പാഷ്യോ എന്നിവിടങ്ങളിലെ സീലിങ്ങിലും ജിഐ പര്‍ഗോള നല്‍കി ടഫന്‍ഡ് ഗ്ലാസിട്ടിട്ടുണ്ട്. പൂമുഖത്തിന്‍റെ വശത്തുള്ള പോര്‍ച്ചില്‍ ഒരേ സമയം രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. പൂമുഖവാതിലിലൂടെയെന്ന പോലെ ഡൈനിങ്ങിനനുബന്ധമായുള്ള പാഷ്യോയിലൂടെയും വീട്ടിലേക്ക് പ്രവേശിക്കാം. പൊതു ഇടങ്ങളെല്ലാം തുറസ്സായ നയമാണ് പിന്തുടരുന്നത്. ഇതിനൊപ്പം അതീവ സ്വകാര്യതയോടെ കിടപ്പുമുറികളും സ്ഥാനപ്പെടുത്തി. രണ്ട് ലിവിങ്ങുകള്‍, ഡൈനിങ്, പ്രെയര്‍ റൂം, രണ്ട് അടുക്കളകള്‍, പാഷ്യോ, ജിംനേഷ്യം, ഹോം തീയേറ്റര്‍, അതീവ വിശാലമായ അഞ്ച് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകള്‍, യൂട്ടിലിറ്റി റൂം എന്നിവയാണ് 3655 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അകത്തളത്തിലുടനീളം ജിപ്സം സീലിങ് ചെയ്ത് സ്പോട്ട്ലൈറ്റിട്ടിട്ടുണ്ട്. വീട്ടുടമയുടെ പ്രത്യേക താത്പര്യം കണക്കിലെടുത്ത് ഇന്‍റേണല്‍ കോര്‍ട്ട്യാര്‍ഡിലാണ് ഗോവണി സ്ഥാപിച്ചത്.

ഫാമിലി ലിവിങ്ങിനും പൗഡര്‍ റൂം ഉള്‍പ്പെടുത്തിയ വാഷ് ഏരിയയ്ക്കും ഇടയിലാണ് പ്രെയര്‍ റൂമിന്‍റെ സ്ഥാനം. താഴത്ത് രണ്ടും മുകളില്‍ മൂന്നും എന്നിങ്ങനെ പ്രത്യേക ഡ്രസിങ് ഏരിയകള്‍ ഉള്‍പ്പെടുത്തിയ അഞ്ച് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. ബാത് ടബ്ബും ഷവര്‍ ക്യുബിക്കിളും ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍ ബെഡ്റൂമിനനുബന്ധമായുള്ള ശുചിമുറി ഒരുക്കിയത്. മാസ്റ്റര്‍ ബെഡ്റൂമിന് സമീപമുള്ള ബാല്‍ക്കണിയിലാണ് ജിംനേഷ്യം സ്ഥാനപ്പെടുത്തിയത്. മാസ്റ്റര്‍ ബെഡ്റൂം ഒഴികെയുള്ള കിടപ്പുമുറികളുടെയെല്ലാം ഹെഡ്സൈഡ് വാളുകളില്‍ ജനാല ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രേ കളര്‍ ടെക്സ്ചര്‍ പെയിന്‍റ് ചെയ്താണ് മാസ്റ്റര്‍ ബെഡ്റൂമിന്‍റെ ഹെഡ്സൈഡ് വാള്‍ ഹൈലൈറ്റ് ചെയ്തത്. അപ്പര്‍ ലിവിങ് സ്റ്റഡി കം വര്‍ക്ക് സ്പേസായാണ് പരിവര്‍ത്തിപ്പിച്ചത്. മള്‍ട്ടിവുഡില്‍ തീര്‍ത്ത ഫാബ്രിക്കേറ്റഡ് ഗോവണിയുടെ പടവുകളുടെ മുകള്‍ ഭാഗവും കൈവരിയും വുഡന്‍ പാനലിങ്ങ് ചെയ്താണ് ഹൈലൈറ്റ് ചെയ്തത്. ബാക്കി ഭാഗത്ത് പെയിന്‍റ് ഫിനിഷാണ്. വര്‍ക്കിങ് കിച്ചനില്‍ നിന്നെന്ന പോലെ ലോണ്‍ഡ്രി സ്പേസില്‍ നിന്നും പിന്മുറ്റത്തേക്കിറങ്ങാം. ഗ്ലോസി ഫിനിഷ് വിട്രിഫൈഡ് ടൈലാണ് നിലമൊരുക്കാന്‍ ഉപയോഗിച്ചത്. വര്‍ക്കിങ് കിച്ചനില്‍ മാത്രം മാറ്റ് ഫിനിഷ് ടൈല്‍ ഫ്ളോറിങ്ങാണ്. വീടിനകത്തെ ഓരോ ഇഞ്ചും ക്രിയാത്മകമായി വിനിയോഗിച്ചു എന്നതാണ് ഈ പ്രോജക്റ്റിന്‍റെ മേന്മ. പതിനാല് മാസക്കാലമെടുത്താണ് ഈ വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

Architects :

Ar. Ar.Caroline Xavier & Ar.Xavier Alunkal

Active Designs Pvt.Ltd,,

Door No.43/3409-B(32/7-E2) 1st Floor, Highway Heights NH 47,Thammanam P.O Kochi -682032

Mob :9447035933

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.