Last Updated: July 31, 2026
ഡ്രീം ഹോം / July 31, 2026
ഉര്‍വി
"കേരളത്തിന്‍റെ ട്രഡീഷണല്‍ വാസ്തു ശൈലിയെ മാറിയ കാലത്തിനനുസരിച്ച് പുനര്‍ നിര്‍വചിച്ചു കൊണ്ടുള്ളൊരു ആര്‍ക്കിടെക്ചറല്‍ പരീക്ഷണമാണ് ഉര്‍വിയെന്ന വീട്"

പാരമ്പര്യത്തിന്‍റെ ആത്മാവും സമകാലിക ജീവിതത്തെ പിന്തുണയ്ക്കുന്ന ഘടകങ്ങളും തമ്മില്‍ ലയിപ്പിക്കാനുള്ളൊരു ശ്രമമാണ് കോട്ടയം ജില്ലയിലെ തെങ്ങണയിലുള്ള ഉര്‍വി എന്ന വീട്. ഗ്രാമീണ പശ്ചാത്തലത്തില്‍ ശാന്തമായ ചുറ്റുപാടിനു നടുവിലാണ് ഈ വീട്. കേരളത്തിന്‍റെ ട്രഡീഷണല്‍ വാസ്തു ശൈലി യെ മാറിയ കാലത്തിനനുസരിച്ച് പുനര്‍ നിര്‍വചിച്ചു കൊണ്ടുള്ളൊരു ആര്‍ക്കിടെക്ചറല്‍ പരീക്ഷണം കൂടിയാണ് ഉര്‍വി. ഡോക്ടര്‍ ദമ്പതികള്‍ക്കും അവരുടെ രണ്ട് മക്കള്‍ക്കുമായി രൂപകല്‍പ്പന ചെയ്ത ഉര്‍വി കാലാവസ്ഥയോട് പ്രതികരിക്കുന്ന രൂപകല്‍പ്പനയാലും തുറന്ന ഇടങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു. ആര്‍ക്കിടെക്റ്റുകളായ അഖില്‍ ചന്ദ്രന്‍, മിധുന്‍കുമാര്‍ എം (എസ് ഒ സ്റ്റുഡിയോ, വാഴക്കുളം മൂവാറ്റുപുഴ) എന്നിവര്‍ ചേര്‍ന്നാണ് ഇവിടം ഡിസൈന്‍ ചെയ്തത്. ഡോ. മനീഷ് ചന്ദ്രന്‍, ഡോ. ആര്യപ്രിയ എസ് എന്നിവരാണ് വീടിന്‍റെ ഉടമസ്ഥര്‍. കേരളത്തിലെ പഴയകാല വീടുകള്‍ക്കൊരു ആത്മാവുണ്ടായിരുന്നു.

ഫാമിലി ലിവിങ്: ഫര്‍ണിഷിങ്ങിലെ ഫോറസ്റ്റ് ഗ്രീന്‍-പേസ്റ്റല്‍ ബ്ലൂ നിറങ്ങളുടെ കോമ്പിനേഷനാണ് ഈ സ്പേസിനെ ഹൃദ്യമാക്കുന്നത്. റാറ്റനും തടിയും ആര്‍ച്ച് പാറ്റേണിലുള്ള ഫ്രോസ്റ്റഡ് ഫ്ളൂട്ടഡ് ഗ്ലാസും ചേര്‍ത്തൊരുക്കിയ സ്റ്റോറേജ് കം ടിവി യൂണിറ്റും കാണാമിവിടെ. ഗ്രേ കളര്‍ വിട്രിഫൈഡ് ടൈലും മോറോക്കന്‍ പാറ്റേണ്‍ ടൈലുമാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്.

യഥാര്‍ത്ഥത്തില്‍ ഈ ഭവനത്തിന്‍റെ രൂപകൽപ്പനയുടെ അടിത്തറ അതാണ്. മംഗലാപുരം ഓടുകള്‍ വിരിച്ച ചെരിഞ്ഞ മേല്‍ക്കൂരകള്‍, തളളി നില്‍ക്കുന്ന ഓവര്‍ഹാങ്ങുകള്‍, തേയ്ക്കാത്ത ഇഷ്ടികഭിത്തികള്‍, ബ്രിക്ക് ക്ലാഡിങ്, ജാളി സ്ക്രീനുകള്‍, വരാന്ത പോലുള്ള ഇടങ്ങള്‍ എന്നിവ വീടിനൊരു പ്രാദേശികമായ ചായ്വു നല്‍കുന്നു. എന്നാല്‍ ഈ ഘടകങ്ങളൊന്നും വെറും അലങ്കാരങ്ങളായല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പ്രകാശം, വായുസഞ്ചാരം, ചൂടിന്‍റെ നിയന്ത്രണം, ദൈനംദിന ഉപയോഗസൗകര്യം എന്നിവയെല്ലാം സാധ്യമാകും വിധമാണ് ഓരോ ട്രഡീഷണല്‍ ഘടകവും ആധുനിക രീതിയില്‍ പുനര്‍വ്യാഖ്യാനിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് സ്ലാബിന് മുകളില്‍ ഒരുക്കിയിരിക്കുന്ന ചെരിഞ്ഞ മേല്‍ക്കൂര വീടിന്‍റെ താപനിയന്ത്രണത്തെ സഹായിക്കുന്നു. ഇത് ചൂട് അകത്ത് കയറുന്നത് കുറയ്ക്കുന്നതിനൊപ്പം കെട്ടിടത്തിന് കൂടുതല്‍ ദൃശ്യ ഭംഗി നല്‍കുന്നു. ഇഷ്ടിക ക്ലാഡിങ്ങിന്‍റെ എര്‍ത്തി നിറം, ടര്‍ക്കോയിസ് കളര്‍ ഫിനിഷുകള്‍, വെന്‍റിലേഷന്‍ ബ്ലോക്കുകള്‍, മൃദുവായ ന്യൂട്രല്‍ നിറങ്ങള്‍ എന്നിവ ചേരുന്ന മെറ്റീരിയല്‍ പാലറ്റ് വീടിന് വ്യത്യസ്തമായൊരു വ്യക്തിത്വം ഉറപ്പാക്കുന്നു.

ബെഡ്റൂമുകള്‍: ബ്രിക്ക് ക്ലാഡിങ് ഹെഡ്സൈഡ് ഭിത്തി, റാറ്റന്‍ ഷട്ടറുകളോടു കൂടിയ ബ്ലൂ നിറത്തിലുള്ള വാഡ്രോബ് കള്‍, ബേ വിന്‍ഡോ, ലൈറ്റിങ് ഫിക്സചറുകള്‍ എന്നിവയെല്ലാം തീമുകള്‍ക്ക് അനുസരിച്ച് ഓരോ ബെഡ്റൂമിലും സ്ഥാനം പിടിച്ചു. എന്നാല്‍ ലാളിത്യവും സ്വാസ്ഥ്യവും തന്നെയാണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്..

നാല് ബെഡ്റൂമുകളാണ് ഇവിടെയുള്ളത്. രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന പോര്‍ച്ച്, സിറ്റൗട്ട്, ഫോയര്‍, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് സ്പേസ്, അടുക്കള, വര്‍ക്ക് ഏരിയ, കോര്‍ട്ട്യാര്‍ഡ് എന്നിവയും വരുന്നു. രണ്ട് ബെഡ്റൂമുകള്‍ ഗ്രൗണ്ട് ഫ്ളോറിലാണ്. ഇടങ്ങളെ വേര്‍തിരിക്കുന്നതിന് പകരം, പരസ്പരം ബന്ധിപ്പിക്കുന്ന തുറന്ന പ്ലാനാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്. ഇതുവഴി പ്രകാശവും വായുവും വീട്ടകത്ത് പരക്കുകയും സുഖകരമായ അന്തരീക്ഷമൊരു ക്കുകയും ചെയ്യുന്നു. വീടിന്‍റെ മധ്യഭാഗത്ത് ഒരുക്കിയിരിക്കുന്ന ഗ്രീന്‍ കോര്‍ട്ട്യാര്‍ഡ് ഈ വസതിയുടെ ഏറ്റവും ശ്രദ്ധേയമായ ഘടകമാണ്. തെക്കുഭാഗത്ത് സ്ഥാനപ്പെടുത്തിയിരി ക്കുന്ന ഈ തുറസ്സായ സ്പേസ് കഠിനമായ സൂര്യപ്രകാശത്തെ മൃദുവാക്കുന്നതിനൊപ്പം പ്രകൃതിയെ ഇന്‍റീരിയറിലേക്കെത്തിക്കുന്നു. വലിയ ഓപ്പണിങ്ങുകളും സ്ലൈഡിങ് ഗ്ലാസ് പാനലുകളും എക്സ്റ്റീരിയര്‍-ഇന്‍റീരിയര്‍ അതിരുകളെ മായിച്ചു കളയുന്നു. ഗ്രൗണ്ട് ഫ്ളോറിലെ പോലെ തന്നെ ഒന്നാം നിലയിലും ഓപ്പണ്‍ ഡിസൈന്‍ രീതി തുടരുന്നു. രണ്ട് ബെഡ്റൂമുകള്‍, ഫാമിലി ലിവിങ്, രണ്ട് ബാല്‍ക്കണികള്‍, ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റിയൊരുക്കാവുന്ന മള്‍ട്ടിപര്‍പ്പസ് റൂം എന്നിവ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു. വീടിന്‍റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഡബിള്‍-ഹൈറ്റ് ഏരിയകള്‍ ആന്തരിക ഇടങ്ങള്‍ക്ക് വിശാലതയുടെ അനുഭവം നല്‍കുന്നതിനൊപ്പം സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും പടരാന്‍ അനുവദിക്കുന്നു. ന്യൂട്രല്‍ കളര്‍ ടോണുകളാണ് ഇന്‍റീരിയറില്‍ മുന്നിട്ടു നില്‍ക്കുന്നതെങ്കിലും ഉത്തരേന്ത്യയിലെ പാരമ്പര്യാലങ്കാരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കരകൗശല വസ്തുക്കളും കടുത്ത നിറച്ചായങ്ങളും ഇടങ്ങള്‍ക്കു കൂടുതല്‍ ഊഷ്മളതയും വ്യക്തിത്വവും പകരുന്നു. ആര്‍ച്ച് രൂപങ്ങള്‍,രാജസ്ഥാനി-മുഗള്‍ വാസ്തു ശൈലിയില്‍ കാണപ്പെടുന്ന ജറോഖയ്ക്ക് തുല്യമായ പാറ്റേണ്‍, മൊറോക്കന്‍ പാറ്റേണ്‍ ടൈലുകള്‍, ടെക്സ്ചേര്‍ഡ് ടൈലുകള്‍, കെയ്ന്‍ ഇന്‍സേര്‍ട്ടുകള്‍, ലൈറ്റിങ് ഫിക്സ്ചറുകള്‍ എന്നിവ വീടിന്‍റെ ഇന്‍റീരിയര്‍ ഡിസൈനിങ്ങിനെ ദൃശ്യഭംഗിയ്ക്ക് പുറമേ സാംസ്കാരികമായും സമ്പന്നമാക്കുന്നു.

ഡൈനിങ്:

വിശാലമായ ഡൈനിങ് സ്പേസ്, കോര്‍ട്ട്യാര്‍ഡിലേക്ക് തുറക്കുന്നു. പേസ്റ്റല്‍ കളര്‍ തീമിന്‍റെ മേധാവിത്വത്തിനിടെയും, പാറ്റേണ്‍ ടൈലുകള്‍, ബ്ലൂ-വുഡന്‍ ടോണുകള്‍, വാള്‍ വര്‍ക്കുകള്‍ എന്നിവയെല്ലാം ഈ ഡബിള്‍ ഹൈറ്റ് സ്പേസില്‍ ചടുലമായ ഫീല്‍ കൊണ്ടുവരുന്നു. വുഡന്‍ ഫ്രെയ്മുകളും മാബിള്‍ ടോപ്പും ചേര്‍ത്ത് ടേബിള്‍ ഒരുക്കി. കസേരകള്‍ കസ്റ്റമൈസ് ചെയ്യാനും തടി തന്നെയാണ് ഉപയോഗിച്ചത്.

Architects : Ar. Akhil Chandran & Ar. Midhunkumar M

Address : S O Studio, Vazhakulam, Muvattupuzha.

Owners: Dr. Manesh Chandran & Dr. Aryapriya S

Dr. Manesh Chandran & Family.

ലൊക്കേഷന്‍ / Location: Thengana, Kottayam.

പ്ലോട്ട് / Plot : 8 Cents.

Built Area : 4273 Sq Ft.

Newsletter

Subscribe our latest news/publications.

www.designerpublications.com
Apar

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.