Last Updated: July 20, 2026
| Architecture Education / July 20, 2026
Ar.Dhanush Vayalambron

കേരളീയ സാഹചര്യത്തില്‍ ആര്‍ക്കിടെക്ചര്‍ പഠനത്തിന്‍റെ പ്രസക്തി

പാശ്ചാത്യ വിദ്യാഭ്യാസരീതികളുടെ സാങ്കേതിക ശക്തിയും കേരളീയ പാരമ്പര്യത്തിന്‍റെ ആഴവും ഒരുമിച്ച് ചേരുമ്പോഴാണ് ഭാവിയിലെ കേരള വാസ്തുവിദ്യ വിദ്യാഭ്യാസം കൂടുതല്‍ സമ്പന്നമാകുന്നത്

വാസ്തുവിദ്യയെ എല്ലാ കലകളുടെയും മാതാവാ യി പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. മനുഷ്യന്‍ സൃഷ്ടിച്ചതില്‍ ദൃശ്യ പ്രധാന്യമുള്ളതും കാലത്തെ അതിജീവിക്കുന്നതുമായ കലാരൂപങ്ങളിലൊന്നാണത്. ഓരോ സംസ്കാരത്തിന്‍റെയും ജീവിതദര്‍ശനവും മൂല്യബോധവും വിശ്വാസവുമെല്ലാം അതാതിടത്തെ വാസ്തുവിദ്യയില്‍ പ്രതി ഫലിക്കുന്നു. പാശ്ചാത്യ വാസ്തുവിദ്യയുടെ അടിത്തറ സൗന്ദര്യ ശാസ്ത്രത്തിലും പ്രകൃതിനിയമങ്ങളിലുമാണ്. ഗ്രീക്ക് ശില്‍പങ്ങളും ക്ലാസിക്കല്‍ കെട്ടിടങ്ങളും ഗണിതപരമായ കൃത്യതയുടെയും അനു പാതങ്ങളുടെയും മികച്ച ഉദാഹരണങ്ങളാണ്. ഗോള്‍ഡന്‍ റേഷ്യോ, ഫിബൊനാച്ചി ശ്രേണി തുടങ്ങിയ ആശയങ്ങള്‍ അവരുടെ കൊത്തു പണികളിലും കെട്ടിടങ്ങളിലും കാണാം.

പ്രകൃതിയുടെ ക്രമവും മനുഷ്യബുദ്ധിയുടെ യുക്തിയും ചേര്‍ന്നുണ്ടാാകുന്ന സൗന്ദര്യമാണ് അവിടത്തെ വാസ്തുവിദ്യയുടെ പ്രധാന സവിശേഷത. ഇന്ത്യന്‍ പാരമ്പര്യത്തില്‍ വാസ്തുവിദ്യയുടെ ഗണിതം മറ്റൊരു തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കെട്ടിട ങ്ങള്‍ സൗന്ദര്യത്തിനു വേണ്ടി മാത്രമല്ല, ആത്മീയതയുമായും മനുഷ്യജീവിതത്തിന്‍റെ സമഗ്രതയുമായും അത് ബന്ധപ്പെട്ടു നില്‍ക്കു ന്നു. മനുഷ്യനും പ്രകൃതിയും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തിയാണ് വാസ്തുശാസ്ത്രവും തച്ചുശാസ്ത്രവും രൂപ പ്പെട്ടത്. ക്ഷേത്രശില്‍പ്പങ്ങളില്‍ കാണുന്ന വാസ്തു പ്രത്യേകതകള്‍ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളെയും ആനന്ദങ്ങളെയും ആത്മീയ യാത്രയെയും പ്രതിനിധീകരിക്കുന്നു.

അതേ സമയം, കേരളത്തിന്‍റെ വാസ്തുപാരമ്പര്യം ഇന്ത്യയിലെ മറ്റ് പ്ര ദേശങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. ഇവിടെ ക്ഷേത്രവാസ്തുവിദ്യയും ഗാര്‍ഹിക വാസ്തുവിദ്യയും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ കാണാറില്ല. പ്രകൃതിയുമായി ഇഴചേര്‍ന്ന ജീവിതരീതിയും കാലാവസ്ഥയോടുള്ള പൊരുത്തപ്പെടലുമാണ് കേരളീയ വാസ്തുവിദ്യയുടെ ആത്മാവ്. കാവിലോ പഴയ നാലുകെട്ടിലോ അനുഭവപ്പെടുന്ന ശാന്തത യാദൃശ്ചി കമല്ല, പ്രകൃതിയെയും മനുഷ്യജീവിതത്തെയും സമന്വയിപ്പിച്ചുള്ള ആഴത്തിലുള്ള ചിന്തയുടെ ഫലമാണ് അത്. ഇവിടെയാണ് ഒരു പ്ര ധാന ചോദ്യമുയരുന്നത്. പാശ്ചാത്യ മാതൃകയില്‍ രൂപപ്പെട്ട ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസം കേരളീയ സാഹചര്യവുമായി എങ്ങനെ പൊരുത്തപ്പെടുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം ചരിത്രത്തില്‍ തന്നെയുണ്ട്. മാര്‍താണ്ഡെത്ത (തക്കല) പത്മനാഭപുരം കൊട്ടാരത്തില്‍ യൂറോപ്യന്‍ അതിഥികള്‍ക്കായി പാശ്ചാത്യ ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടം കാണാം. വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സ്വാധീനവും പുതുമയല്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് ഭരണകാലം ഇന്ത്യയില്‍ ആധുനിക വാസ്തുവിദ്യാ വിദ്യാഭ്യാസത്തിനും സാങ്കേതിക രേഖപ്പെടുത്തല്‍ രീതികള്‍ക്കും വഴിതെളിച്ചു. പിന്നീട് അവര്‍ തന്നെ ഇന്ത്യന്‍ കാലാവസ്ഥയെയും പ്രാദേശിക സാഹചര്യങ്ങളെയും ഉള്‍ക്കൊണ്ട് ഇന്‍ഡോ-സറസെനിക് ശൈലി വികസിപ്പിച്ചു. വിവിധ സംസ്കാരങ്ങളെ സ്വാംശീകരിച്ച ചരിത്രമാണ്, ഇന്ത്യയുടേത്. അതുപോലെ പാശ്ചാത്യ വാസ്തുചിന്തകളും കേരളീയ പശ്ചാത്തലത്തില്‍ പുതിയ രൂപങ്ങള്‍ കൈവരിച്ചു. ഇപ്പോഴത്തെ ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസത്തിന്‍റെ ഏറ്റവും വലിയ ശക്തി അതിന്‍റെ രേഖപ്പെടുത്തല്‍ രീതിയാണ്. ലോകത്തിന്‍റെ ഏത് ഭാഗത്തുള്ളവര്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ ആശയങ്ങളെ ചിത്രങ്ങളിലൂടെയും ഡ്രോയിങ്ങുകളിലൂടെയും അവതരിപ്പിക്കാ നുള്ള കഴിവാണ് ഇതിലൂടെ ലഭിക്കുന്നത്. ഒരു കെട്ടിടത്തിന്‍റെ ശൈലിയോ ആശയമോ തെരഞ്ഞെടുക്കുന്നത് ആര്‍ക്കിടെക്റ്റിന്‍റെ ഉത്തരവാദിത്വമാണ്. എന്നാല്‍ അതിനായി പ്രൊഫഷണല്‍ രീതിയില്‍ ആശയവിനിമയം നടത്താനുള്ള ഉപകരണങ്ങളാണ് ആധുനിക ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസം നല്‍കുന്നത്.

കേരളത്തിലെ ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളില്‍ വലിയ രീതിയില്‍ മാറി. ഒരുകാലത്ത് പാശ്ചാത്യ മാതൃകകളുടെ സ്വാധീനം കൂടുതലായിരുന്നുവെങ്കില്‍ ഇന്ന് ഭൂരിഭാഗം ആര്‍ക്കിടെക്റ്റുകളും ഇവിടുത്തെ കാലാവസ്ഥ, സംസ്കാരം, സാമൂഹിക സാഹചര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് രൂപകല്‍പ്പന ചെയ്യുന്നത്. അതേസമയം അന്താരാഷ്ട്ര നിലവാരത്തിലുള്ള രേഖപ്പെടുത്തലും സാങ്കേതിക വിദ്യയും അവര്‍ പിന്തുടരുകയും ചെയ്യുന്നു. പരമ്പരാഗത കേരളീയ വാസ്തുവിദ്യ ഒരുകാലത്ത് പ്ര ത്യേക അറിവുള്ളവരുടെ മേഖലയായിരുന്നു. ഇന്നത് പഠിക്കാനും പ്രയോഗിക്കാനും സാധിക്കുന്നുങ്കെിലും വലിയ തോതിലുള്ള നിര്‍മ്മാണങ്ങളില്‍ അതിന്‍റെ ഉപയോഗം ഇപ്പോഴും പരിമിതമാണ്. എന്നാലും, കേരളീയ വാസ്തുവിദ്യയുടെ അടിസ്ഥാന തത്വങ്ങളായ പ്രകൃതിയോടുള്ള ബഹുമാനം, കാലാവസ്ഥയോട് പൊരുത്തപ്പെടല്‍, മനുഷ്യകേന്ദ്രിത രൂപകല്‍പ്പന എന്നിവ എല്ലായ്പ്പോഴും പ്രസക്തമാണ്.

സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കുന്ന കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാ നും സ്വന്തം ആശയങ്ങള്‍ ലോകത്തോട് പങ്കുവെക്കാനും സൃഷ്ടിപ രമായ ഒരു തൊഴില്‍ജീവിതം കണ്ടെത്തൊനും ആഗ്രഹിക്കുന്നവര്‍ക്ക് ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസം ഇന്നും മികച്ച വഴിയാണ്. പാശ്ചാ ത്യ വിദ്യാഭ്യാസരീതികളുടെ സാങ്കേതിക ശക്തിയും കേരളീയ പാര മ്പര്യത്തിന്‍റെ ആഴവും ഒരുമിച്ച് ചേരുമ്പോഴാണ് ഭാവിയിലെ കേരള വാസ്തുവിദ്യ വിദ്യാഭ്യാസം കൂടുതല്‍ സമ്പന്നമാകുന്നത്.

ധനുഷ് വയലാംബ്രോന്‍

അസിസ്റ്റന്‍റ് പ്രൊഫസര്‍,

ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നോവേഷന്‍സ് (ആസാദി), കൊച്ചി .

Documented by : Designer Publications .

E-mail: info@designerpublications.com

Newsletter

Subscribe our latest news/publications.

www.designerpublications.com
Asian School of Architecture

Quick Links

2022-2026 © Designer Publications Kerala Pvt.Ltd.. All Rights Reserved.